06/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാന്റെ ക്ലസ്റ്റര്‍ ബോംബ് വര്‍ഷമെന്ന് റിപ്പോര്‍ട്ട്‌

 ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാന്റെ ക്ലസ്റ്റര്‍ ബോംബ് വര്‍ഷമെന്ന് റിപ്പോര്‍ട്ട്‌

തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇസ്രയേലിന്റെ ഹൃദയഭാഗമായ തെൽ അവീവിനെ ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 21-ാം തരംഗ ആക്രമണത്തിലാണ് ഇറാൻ ‘ഖൈബർ ഷക്കാൻ’ മിസൈലുകൾ ഉൾപ്പെടെ ഉപയോഗിച്ച് വൻ ആക്രമണം.

ഇസ്രയേലിന്റെ മധ്യഭാഗത്ത് ആകാശത്തുവെച്ച് മിസൈലുകൾ പൊട്ടിത്തെറിക്കുകയും വ്യാപകമായ പ്രദേശത്ത് ബോംബുകൾ വർഷിക്കുകയും ചെയ്തതായി ഹീബ്രു മാധ്യമം ’വല്ല’ റിപ്പോർട്ട് ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ’അൽജസീറ’ പുറത്തുവിട്ടിട്ടുണ്ട്. ഇവ ക്ലസ്റ്റർ ബോംബുകൾ ആണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

എട്ട് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ നാശം വിതയ്ക്കാൻ ശേഷിയുള്ള 20 വെടിക്കോപ്പുകൾ അടങ്ങിയതാണ് ഓരോ മിസൈലും. അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധങ്ങളിൽ ഈ ആയുധം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, ഇറാനും ഇസ്രയേലും ഈ കരാറിൽ ഒപ്പുവയ്ക്കാത്തതിനാൽ അവർക്കെതിരെ യുദ്ധക്കുറ്റം ചുമത്താനാകില്ലെന്ന് ’അൽജസീറ’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആക്രമണത്തെത്തുടർന്ന് തെൽ അവീവ്, അഷ്‌ദോദിലെ ഷാരോൺ മേഖല എന്നിവിടങ്ങളിൽ തുടർച്ചയായ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. അർക്കാട്ടിലെ ഒരു വെയർഹൗസിന് തീപിടിക്കുകയും ശോഹാമിലെ ഒരു കെട്ടിടത്തിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീഴുകയും ചെയ്തു.

2022 മുതൽ ഇറാൻ സൈന്യത്തിന്റെ ഭാഗമായ ‘ഖൈബർ ഷക്കാൻ’ മിസൈലുകൾക്ക് ചലിക്കുന്ന പോർമുനകൾ ഉണ്ടെന്നും ഇവ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ ശേഷിയുള്ളതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ മണ്ണിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടു. എന്നാൽ, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നതിനെതിരെ ലോകരാഷ്ട്രങ്ങൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ പലയിടങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ നേരിടാൻ ശ്രമിച്ചതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. നിലവിൽ ആളപായങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല.

Also read: