27/03/2026
[fontresizer_tawhidurrahmandear_widget]

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ച് ഇറാൻ; കനത്ത നാശനഷ്ടമെന്ന് IRGC, ഭീഷണി ഒഴിഞ്ഞെന്ന് അമേരിക്ക

 യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ച് ഇറാൻ; കനത്ത നാശനഷ്ടമെന്ന് IRGC, ഭീഷണി ഒഴിഞ്ഞെന്ന് അമേരിക്ക

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ കടലിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ അതീവ ശക്തമാകുന്നു. അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ തങ്ങൾ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും കപ്പലിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. എന്നാൽ, ഈ അവകാശവാദം തള്ളിയ അമേരിക്കൻ സൈന്യം, കപ്പൽ സുരക്ഷിതമാണെന്നും ദൗത്യം തുടരുകയാണെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്. അമേരിക്കയുടെ രണ്ട് പ്രധാന വിമാനവാഹിനിക്കപ്പലുകളായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലും യുഎസ്എസ് എബ്രഹാം ലിങ്കണിലും അപകടങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഒമാൻ കടലിൽ വെച്ച് സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണത്തിലൂടെ യുഎസ്എസ് എബ്രഹാം ലിങ്കണെ ലക്ഷ്യം വെച്ചുവെന്നും കപ്പലിന് പ്രവർത്തനരഹിതമായ വിധത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞത്. ആക്രമണത്തെത്തുടർന്ന് കപ്പൽ മേഖലയിൽ നിന്ന് പിൻവാങ്ങിയതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഇറാന്റെ അവകാശവാദങ്ങൾ വാസ്തവവിരുദ്ധമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പലിന് നേരെ വന്ന ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നും കപ്പലിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഭീഷണിയുയർത്തി കപ്പലിന് അടുത്തേക്ക് വന്ന ഒരു ഇറാനിയൻ വെസലിന് നേരെ യുഎസ് സൈന്യം വെടിയുതിർത്തതായും സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കടലിൽ വെച്ച് ഇരുവിഭാഗവും തമ്മിൽ നേരിട്ട് മിസൈലുകൾ അയക്കുന്നതിൻ്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഒരു എഫ്-35 സി യുദ്ധവിമാനം ഉപയോഗിച്ച് ഇറാന്റെ ഷാഹീദ്-139 ഡ്രോണിനെ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ചെങ്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡിന്റെ ലൗണ്ടറി റൂമിൽ വ്യാഴാഴ്ച പകലാണ് തീപിടിത്തമുണ്ടായത്. ഇറാന്റെ ആക്രമണമല്ല ഇതിന് പിന്നിലെന്നും സാങ്കേതിക തകരാറാണ് കാരണമെന്നുമാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് നൽകുന്ന വിശദീകരണം. അപകടത്തിൽ പുക ശ്വസിച്ച് രണ്ട് നാവികർക്ക് പരിക്കേറ്റെങ്കിലും കപ്പലിന്റെ പ്രവർത്തനത്തെയോ സൈനിക നീക്കത്തെയോ ഇത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഫോർഡിലെ അപകടത്തിന് തൊട്ടുപിന്നാലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ തങ്ങൾ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി വാർത്തകൾ വന്നത്. യുദ്ധം തുടങ്ങിയ ശേഷം ഇറാന്റെ 50-ഓളം നാവികക്കപ്പലുകൾ തകർക്കപ്പെട്ടതായി അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, അത്യാധുനിക കപ്പലുകളെ ലക്ഷ്യം വെക്കുന്നതിലൂടെ അമേരിക്കയെ പ്രതിരോധത്തിലാക്കാമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ.

Also read: