01/08/2026
[fontresizer_tawhidurrahmandear_widget]

ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെട്ടാലും ജീവനോടെ പുറത്തുവരും; ഒടുവിൽ ഖാംനഇ കൊല്ലപ്പെട്ടപ്പോഴും അത്ഭുതരക്ഷ! ഐആർജിസി കമാൻഡർ ഇസ്മായിൽ ഖാനിയെ വധിച്ചു?

 ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെട്ടാലും ജീവനോടെ പുറത്തുവരും; ഒടുവിൽ ഖാംനഇ കൊല്ലപ്പെട്ടപ്പോഴും അത്ഭുതരക്ഷ! ഐആർജിസി കമാൻഡർ ഇസ്മായിൽ ഖാനിയെ വധിച്ചു?

ഇസ്മായില്‍ ഖാനി ആയത്തുല്ല അഖി ഖാംനഇക്കൊപ്പം

തെഹ്‌റാൻ: ഇറാന്റെ നിഴൽ സൈന്യമായ ഖുദ്സ് ഫോഴ്സിന്റെ (ഐആർജിസി ഖുദ്‌സ് ഫോഴ്‌സ്) തലവൻ ഇസ്മായിൽ ഖാനിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വീണ്ടും ശക്തമാകുന്നു. ഖാനി ഇസ്രയേൽ ചാരനാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് മറ്റൊരു സൈനിക ഓപറേഷനിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടതാണു പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. അതിനിടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റത്തിന് ഖാനിയെ ഇറാൻ സൈന്യം രഹസ്യമായി വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പിന്നിലും ഖാനിയുടെ ചാരവൃത്തിയാണെന്ന കണ്ടെത്തലിനു പിന്നാലെയാണു നടപടിയെന്നാണു വിവരം.

ഒൻപത് ജന്മങ്ങളുള്ള കമാൻഡർ: അത്ഭുതരക്ഷപ്പെടലുകളുടെ ചരിത്രം

2020-ൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് ഇസ്മായിൽ ഖാനി ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തെത്തുന്നത്. എന്നാൽ, സുലൈമാനിയെപ്പോലെ സൈനികർക്കിടയിൽ ഹീറോ പരിവേഷമുള്ള നേതാവായിരുന്നില്ല ഖാനി. പകരം അതീവ രഹസ്യ സ്വഭാവമുള്ള നീക്കങ്ങളിലായിരുന്നു അദ്ദേഹത്തിന് താൽപര്യം. ലബനാൻ, സിറിയ, യമൻ എന്നിവിടങ്ങളിലെ ഇറാന്റെ സായുധ പോരാട്ടങ്ങളെ ഏകോപിപ്പിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇസ്രയേൽ നടത്തിയ മാരകമായ വ്യോമാക്രമണങ്ങളിൽ ഖാനിയുടെ സാന്നിധ്യം വലിയ ചർച്ചയായിരുന്നു. ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ട ബങ്കർ ആക്രമണത്തിന് തൊട്ടുമുൻപ് ഖാനി അവിടെ ഉണ്ടായിരുന്നു. എന്നാൽ, ആക്രമണം നടന്നപ്പോൾ അദ്ദേഹം മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.

പിന്നീട് നസ്റുല്ലയുടെ പിൻഗാമിയാകുമെന്ന് കരുതിയ ഹാഷിം സഫിയുദ്ദീൻ കൊല്ലപ്പെട്ടപ്പോഴും ഖാനി സുരക്ഷിതനായി പുറത്തുവന്നു. ഈ ‘അത്ഭുതരക്ഷപ്പെടലുകൾ’ ഇറാന്റെ രഹസ്യാന്വേഷണ ഏജൻസികളിൽ വലിയ സംശയം ജനിപ്പിച്ചു. ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെടുമ്പോഴും ഖാനി മാത്രം എങ്ങനെ രക്ഷപ്പെടുന്നു എന്ന ചോദ്യം ഇറാന്റെ ആഭ്യന്തര അന്വേഷണ ഏജൻസികൾ ഉയർത്തി.

ഖാംനഇയുടെ വധവും പുതിയ റിപ്പോർട്ടുകളും

ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് തെഹ്‌റാനിൽ നടന്ന ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതോടെയാണ് ഖാനിക്ക് നേരെയുള്ള സംശയം മുറുകിയത്. അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഖാംനഇയുടെ ഒളിത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയത് ഖാനിയാണെന്ന നിഗമനത്തിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് എത്തിച്ചേർന്നതായാണ് വിവരമെന്ന് ഗൾഫ് മാധ്യമം ‘ദി നാഷനൽ’ റിപ്പോർട്ട് ചെയ്തു.

ഖാംനഇ കൊല്ലപ്പെട്ട അതേ ആക്രമണ സമയത്തും ഇദ്ദേഹം സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാൽ, ഒരു പരിക്കുപോലുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവമാണ് ഖാനിയെ ചുറ്റിപ്പറ്റിയുള്ള ഇറാൻ ഇന്റലിജൻസ് അന്വേഷണത്തിൽ നിർണായകമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതം, ഒടുവിൽ വധശിക്ഷ

നാഷനൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഖാംനഇയുടെ മരണത്തിന് പിന്നാലെ ഖാനിയെ ഇറാൻ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിരുന്നു. മൊസാദുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണത്തിൽ കടുത്ത ചോദ്യം ചെയ്യലിന് അദ്ദേഹം വിധേയനായി. ഈ ചോദ്യം ചെയ്യലിനിടയിൽ ഖാനിക്ക് ഹൃദയാഘാതം സംഭവിച്ചതായും വാർത്തകളുണ്ട്. എന്നാൽ, ചാരവൃത്തിയുടെ കൃത്യമായ രേഖകൾ ലഭിച്ചതോടെ ഇറാൻ ഖാനിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയെന്നാണ് മറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഖാനിയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഇഹ്‌സാൻ മുർത്തസയും ഇസ്രയേൽ ചാരനാണെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇവർ രണ്ടുപേരും ചേർന്ന് ഇറാന്റെ തന്ത്രപ്രധാന വിവരങ്ങൾ മൊസാദിന് കൈമാറിയെന്നാണ് ആരോപണം.

ഇറാനിലെ സുരക്ഷാ പരാജയം

ഇസ്മായിൽ ഖാനിയുടെ ചാരനീക്കങ്ങൾ ഇറാന്റെ സൈനിക നടപടികളെ പാടേ തകർത്തിരിക്കുകയാണ്. ഖുദ്സ് ഫോഴ്സിനുള്ളിൽ മൊസാദ് ഇത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്തിയത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ചരിത്രപരമായ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. ഖാനിയുടെ വധം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഇറാൻ ഇതുവരെ തയാറായിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത തിരോധാനം ഇതിനകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇറാൻ-ഇസ്രയേൽ യുദ്ധം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ, സ്വന്തം സൈനിക മേധാവി തന്നെ ചാരനായി മാറി എന്നത് ഇറാൻ ഭരണകൂടത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല. ശത്രുവിനെക്കാൾ ഭയപ്പെടേണ്ടത് കൂടെ നിൽക്കുന്ന ചാരനെയാണെന്ന പാഠമാണ് പുതിയ സംഭവം ഇറാനെ പഠിപ്പിക്കുന്നത്.

Also read: