28/03/2026
[fontresizer_tawhidurrahmandear_widget]

പശ്ചിമേഷ്യയിൽ ഇനി അമേരിക്കൻ സാന്നിധ്യമുണ്ടാകരുത്: യുദ്ധം നിർത്താൻ 6 കടുത്ത നിബന്ധനകളുമായി ഇറാൻ

 പശ്ചിമേഷ്യയിൽ ഇനി അമേരിക്കൻ സാന്നിധ്യമുണ്ടാകരുത്: യുദ്ധം നിർത്താൻ 6 കടുത്ത നിബന്ധനകളുമായി ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനും 6 കടുത്ത നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ് അലി അക്ബർ വെലായത്തിയാണ് ഈ നിബന്ധനകൾ വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ നിന്നുള്ള അമേരിക്കയുടെ പൂർണ്ണമായ പിന്മാറ്റമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ഈജിപ്ത്, ഖത്തർ, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിലാണ് ഇറാൻ തങ്ങളുടെ പുതിയ നയം വ്യക്തമാക്കിയത്. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതാണ് ഇറാന്റെ ഈ ‘എൻഡ് ഗെയിം’ പ്ലാൻ.

വെറുമൊരു വെടിനിർത്തലിന് പകരം, മേഖലയുടെ രാഷ്ട്രീയ ഘടന തന്നെ പുനർനിർമ്മിക്കണമെന്ന കടുത്ത നിലപാടിലാണ് ഇറാൻ. ഇതിന്റെ ഭാഗമായി ഇറാൻ മുന്നോട്ടുവെച്ച ആറ് നിബന്ധനകൾ ഇവയാണ്:

1- അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടണം:

പശ്ചിമേഷ്യയിലെ രാജ്യങ്ങളിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും ഉടൻ നിർത്തലാക്കുകയും സൈന്യം പൂർണ്ണമായി പിന്മാറുകയും വേണം. മേഖലയിലെ അസ്ഥിരതയുടെ പ്രധാന കാരണം അമേരിക്കയുടെ നേരിട്ടുള്ള സൈനിക സാന്നിധ്യമാണെന്ന് ഇറാൻ വ്യക്തമാക്കുന്നു.

2- യുദ്ധനഷ്ടപരിഹാരം നൽകണം:

ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ആക്രമണത്തിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും പൊതുമുതലിനും സംഭവിച്ച എല്ലാ നാശനഷ്ടങ്ങൾക്കും കൃത്യമായ സാമ്പത്തിക നഷ്ടപരിഹാരം നൽകണം.

3-ഹോർമുസ് കടലിടുക്കിൽ പുതിയ നിയമക്രമം:

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലും സുരക്ഷയിലും പുതിയ അന്താരാഷ്ട്ര നിയമക്രമം കൊണ്ടുവരണം. ഇതിൽ ഇറാന്റെ പരമാധികാരത്തിന് മുൻഗണന നൽകണം.

4- എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കണം:

ഫലസ്തീനിൽ മാത്രമല്ല, ലെബനൻ, യെമൻ, ഇറാഖ്, സിറിയ തുടങ്ങിയ മേഖലയിലെ എല്ലാ പോരാട്ട ഭൂമികളിലും ഇസ്രായേലും അമേരിക്കയും ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണം.

5- ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകണം:

ഭാവിയിൽ ഇറാന്റെ പരമാധികാരത്തിന് മേലോ മറ്റ് പ്രാദേശിക സഖ്യകക്ഷികൾക്ക് മേലോ ഇത്തരം സൈനിക നീക്കങ്ങൾ ഉണ്ടാവില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പുകൾ നൽകണം.

6- മാധ്യമ വേട്ടക്കാർക്കെതിരെ നടപടി:

ഇറാന്റെ സുരക്ഷയെയും സമാധാനത്തെയും തകർക്കാൻ വ്യാജവാർത്തകളും പ്രൊപ്പഗണ്ടകളും പ്രചരിപ്പിക്കുന്ന വിദേശ മാധ്യമങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുകയും അവരെ വിട്ടുനൽകുകയും വേണം.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, യുദ്ധഭൂമിയിൽ തങ്ങൾക്കള്ള മേൽക്കൈ ഉപയോഗിച്ച് സമാധാന ചർച്ചകളിൽ നിബന്ധനകൾ നിശ്ചയിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ഇറാന്റെ പക്കലുള്ള അത്യാധുനിക മിസൈലുകൾ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തതായും, മേഖലയിലെ വ്യോമാതിർത്തിയിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്നും ഇറാൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

“ഞങ്ങൾ ഒരു പ്രതിരോധ യുദ്ധത്തിലാണ്, ഇത് മാസങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് നടക്കുന്നത്,” എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. പെട്ടെന്നുള്ള ഒരു വെടിനിർത്തലിനേക്കാൾ, ശത്രുവിനെ ഒരു ‘ചരിത്രപാഠം’ പഠിപ്പിക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യമെന്ന് വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാന്റെ ഈ നീക്കം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നേരത്തെ ഇസ്രായേലിന്റെ നിലനിൽപ്പിനെ പൂർണ്ണമായും എതിർത്തിരുന്ന ഇറാൻ, ഇപ്പോൾ ഫലസ്തീൻ രാഷ്ട്ര രൂപീകരണം പോലുള്ള നയതന്ത്ര പരിഹാരങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒരു സുപ്രധാന മാറ്റമായി വിലയിരുത്തപ്പെടുന്നു.

എന്നിരുന്നാലും, അമേരിക്കയുടെ പിന്മാറ്റം എന്ന നിബന്ധന വാഷിംഗ്ടണും ഇസ്രായേലും അംഗീകരിക്കാൻ സാധ്യതയില്ല. നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അത് തങ്ങളുടെ നിബന്ധനകൾക്ക് വിധേയമായി മാത്രമേ സംഭവിക്കൂ എന്നുമാണ് ടെഹ്‌റാൻ ഇതിലൂടെ വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഈ അവസരം ഇറാൻ ഉപയോഗിക്കുന്നുണ്ട്.

Also read: