27/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കൻ റീഫ്യൂവലിങ് വിമാനങ്ങൾ തകർത്ത് ഇറാൻ; സൗദിയിലെ യുഎസ് താവളത്തിൽ വൻ നാശം

 അമേരിക്കൻ റീഫ്യൂവലിങ് വിമാനങ്ങൾ തകർത്ത് ഇറാൻ; സൗദിയിലെ യുഎസ് താവളത്തിൽ വൻ നാശം

റിയാദ്/തെഹ്റാൻ: സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിനുനേരെ ഇറാൻ വൻ ആക്രമണം. പ്രിൻസ് സുൽത്താൻ എയർബേസിന്(അൽ-ഖർജ്) നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐആർജിസി) നടത്തിയ ഡ്രോൺ ആക്രമണത്തിൽ അമേരിക്കയുടെ തന്ത്രപ്രധാനമായ റീഫ്യൂവലിങ് വിമാനങ്ങൾ തകർന്നതായി റിപ്പോർട്ട്. ആകാശത്തുവെച്ച് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന കെസി-135 വിമാനങ്ങളാണ് ലക്ഷ്യം വെക്കപ്പെട്ടത്. ഐആർജിസി വൃത്തങ്ങളെ ഉദ്ധരിച്ച് ‘പ്രസ് ടി.വി’യാണു വാർത്ത പുറത്തുവിട്ടത്.

വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഇറാന്റെ നൂതനമായ ചാവേർ ഡ്രോണുകളാണ് ഉപയോഗിക്കപ്പെട്ടത്. താവളത്തിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കെസി-135 വിമാനങ്ങൾക്ക് കനത്ത കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. താവളത്തിലെ പ്രധാന ഇന്ധന പൈപ്പ് ലൈനുകൾക്കും സംഭരണികൾക്കും നേരെ ആക്രമണമുണ്ടായതോടെ വൻ തീപിടുത്തമുണ്ടായി. ആക്രമണത്തിൽ ഏതാനും യുഎസ് സൈനികർക്ക് പരിക്കേറ്റതായും റൺവേ ഭാഗികമായി തകർന്നതായും ഇറാൻ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്.

യുദ്ധവിമാനങ്ങൾക്ക് ദീർഘനേരം ആകാശത്ത് തുടരാൻ ആവശ്യമായ ഇന്ധനം നൽകുന്ന റീഫ്യൂവലിങ് വിമാനങ്ങളെ ലക്ഷ്യം വെച്ചത് അമേരിക്കയുടെ വ്യോമസന്നാഹത്തെ ദുർബലപ്പെടുത്താനാണെന്ന് ഐആർജിസി അറിയിച്ചു. ഇന്ധനമില്ലാതെ നിങ്ങളുടെ വിമാനങ്ങൾക്ക് എത്രനേരം പറക്കാൻ കഴിയുമെന്ന് നമുക്ക് നോക്കാം എന്നായിരുന്നു ഇറാൻ സൈനിക വക്താവിന്റെ പ്രതികരണം. കഴിഞ്ഞ മാസം രണ്ട് അമേരിക്കൻ ടാങ്കർ വിമാനങ്ങൾ കൂട്ടിയിടിച്ച് ആറ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ടാങ്കർ വിമാനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

സൗദി അറേബ്യയിലെ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം കടുപ്പിക്കുന്നത് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കൻ സൈനികർ താവളങ്ങൾ വിട്ട് ഹോട്ടലുകളിലേക്ക് മാറുന്നുവെന്ന ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ടിന് പിന്നാലെയാണ് പുതിയ ആക്രമണം. ഡൊണാൾഡ് ട്രംപ് സമാധാന കരാറിനായി സമ്മർദം ചെലുത്തുന്നതിനിടെ, ഇറാന്റെ നീക്കം അമേരിക്കയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Also read: