ഭൂഗർഭ ‘മിസൈൽ സിറ്റി’പ്രദർശിപ്പിച്ച് ഇറാൻ; ഹോർമുസിൽ പിടിമുറുക്കാൻ ‘കാമികാസെ’ കപ്പൽപ്പട
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പുകയുന്നതിനിടെ, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇറാന്റെ കരുത്തുപ്രകടനം. ‘മിസൈൽ സിറ്റി’ എന്ന് ഇറാൻ സൈന്യം വിശേഷിപ്പിക്കുന്ന അത്യാധുനിക ഭൂഗർഭ സൈനിക സമുച്ചയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നീളമുള്ള തുരങ്കങ്ങളിൽ അത്യാധുനിക നാവിക ഡ്രോണുകൾ, കപ്പൽ വിരുദ്ധ മിസൈലുകൾ, കടൽ മൈനുകൾ എന്നിവയുടെ വൻ ശേഖരമാണുള്ളത്.
ചാവേർ ഡ്രോണുകളുടെ കരുത്ത്
ഇറാന്റെ ഏറ്റവും പുതിയ ‘കാമികാസെ’ അഥവാ ചാവേർ ഡ്രോണുകളാണ് മിസൈൽ നഗരത്തിലെ പ്രധാന ആകർഷണം. വെള്ളത്തിനടിയിലൂടെയോ തൊട്ടു മുകളിലൂടെയോ അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ഡ്രോണുകൾക്ക് റഡാറുകളുടെ കണ്ണ് വെട്ടിക്കാൻ സാധിക്കും. കപ്പലുകളുടെ ജലരേഖയ്ക്ക് താഴെ ഇടിച്ച് കയറി സ്ഫോടനം നടത്തുന്ന ഇവ ഏതൊരു വമ്പൻ യുദ്ധക്കപ്പലിനെയും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുള്ളവയാണ്. ഇതിനോടകം തന്നെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ നടന്നത് ഇറാന്റെ മുന്നറിയിപ്പായിട്ടാണ് ലോകം കാണുന്നത്.
എണ്ണ വിപണിയിൽ വൻ പ്രത്യാഘാതം
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം മിസൈൽ നഗരത്തിലൂടെ തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇറാൻ അവകാശപ്പെടുന്നു. യുദ്ധം രൂക്ഷമായാൽ കടലിടുക്ക് പൂർണ്ണമായും അടയ്ക്കുമെന്നാണ് ഇറാന്റെ ഭീഷണി. അങ്ങനെ സംഭവിച്ചാൽ രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളർ കടക്കുമെന്നും, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നും സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങളെ പ്രതിരോധിക്കാൻ ഭൂഗർഭ സൈനിക കേന്ദ്രങ്ങൾ ഇറാനെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.