‘അടുത്ത ലക്ഷ്യം യുഎസ് ടെക് ഭീമന്‍മാര്‍’; ഗൂഗിള്‍, ആമസോണ്‍ അടക്കമുള്ള കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാൻ
തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളുടെ ഓഫീസുകൾ തങ്ങളുടെ ലക്ഷ്യപ്പട്ടികയിലുണ്ടെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ, ദുബൈ, അബുദാബി എന്നിവിടങ്ങളിലെ ടെക് കേന്ദ്രങ്ങൾക്കും ബാങ്കുകൾക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐആർജിസിയുമായി ബന്ധപ്പെട്ട തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, എൻവിഡിയ, ഐബിഎം, ഒറാക്കിൾ, പലന്തിർ തുടങ്ങിയ ആഗോള ഭീമന്മാരുടെ ക്ലൗഡ് – ഡാറ്റാ കേന്ദ്രങ്ങളെയാണ് ഇറാൻ നിയമപരമായ ലക്ഷ്യങ്ങൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കമ്പനികളുടെ സാങ്കേതികവിദ്യ ഇസ്രയേലിന്റെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇറാന്റെ ആരോപണം. സംഘർഷം ഒരു ‘ഇൻഫ്രാസ്ട്രക്ചർ യുദ്ധ’മായി മാറുന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷിക്കപ്പെടുന്നു.
ടെക് കമ്പനികൾക്ക് പുറമെ മിഡിൽ ഈസ്റ്റിലെ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു. ദുബൈ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സാമ്പത്തിക കേന്ദ്രങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിൽ സാധാരണക്കാർ പ്രവേശിക്കരുതെന്ന് ഖതം അൽ-അൻബിയ വക്താവ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈനിലെയും യുഎഇയിലെയും ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് സർവീസുകൾ തടസ്സപ്പെടാനും തീപിടുത്തത്തിനും കാരണമായി. കൂടാതെ, പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതത്തെയും എണ്ണ ശുദ്ധീകരണശാലകളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങളും ഇറാൻ ശക്തമാക്കിയിട്ടുണ്ട്.