‘എന്തു മണ്ടത്തരമാണ് ഈ കാണിക്കുന്നത്! ഇത് നല്ലതിനല്ല’; ഇറാൻ എണ്ണ സംഭരണശാലകളിലെ ഏകപക്ഷീയ ആക്രമണത്തിൽ ഇസ്രയേലിനോട് ചൊടിച്ച് യുഎസ്
തെഹ്‌റാൻ: ഇറാനിലെ 30-ഓളം ഇന്ധന സംഭരണശാലകൾ ലക്ഷ്യമിട്ട് ശനിയാഴ്ച ഇസ്രയേൽ നടത്തിയ വിപുലമായ വ്യോമാക്രമണം പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തുന്നു. ആക്രമണത്തിന്റെ വ്യാപ്തി പ്രതീക്ഷിച്ചതിലും വളരെ വലുതാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക ഇസ്രയേലിനോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിനുശേഷം ഇരു സഖ്യകക്ഷികളും തമ്മിലുണ്ടാകുന്ന ആദ്യ പ്രധാന ഭിന്നതയാണിത്.
തലസ്ഥാനമായ തെഹ്‌റാനിലടക്കം നടന്ന ആക്രമണത്തിൽ കിലോമീറ്ററുകൾ അകലെ നിന്ന് പോലും ദൃശ്യമാകുന്ന രീതിയിൽ വൻ തീജ്വാലകളും പുകപടലങ്ങളുമാണ് ഉയർന്നത്. ഇറാൻ സൈന്യത്തിന് ഇന്ധനം എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ് തകർത്തതെന്ന് ഇസ്രയേൽ പ്രതിരോധ സേന (IDF) അവകാശപ്പെട്ടു. ഇസ്രയേലിന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ് ഈ ഓപറേഷനെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ആക്രമണത്തിന് മുന്നോടിയായി ഇസ്രയേൽ യുഎസ് സൈന്യത്തെ വിവരം അറിയിച്ചിരുന്നെങ്കിലും, ഇത്രത്തോളം വലിയ തകർച്ച വാഷിങ്ടൺ പ്രതീക്ഷിച്ചിരുന്നില്ല. ആക്രമണത്തിന്റെ വ്യാപ്തി കണ്ട് “ഇതൊരു നല്ല ആശയമാണെന്ന് ഞങ്ങൾ കരുതുന്നില്ല” എന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അമേരിക്ക ഇസ്രയേലിന് നൽകിയ സന്ദേശം “എന്താണിത്!” (WTF) എന്ന രീതിയിലുള്ള തുറന്ന അതൃപ്തിയായിരുന്നുവെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വൈറ്റ് ഹൗസോ ഐഡിഎഫോ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആക്രമിക്കപ്പെട്ടത് എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളല്ലെങ്കിലും, കത്തിയെരിയുന്ന ഡിപ്പോകളുടെ ദൃശ്യങ്ങൾ വിപണിയെ ഭയപ്പെടുത്തുമെന്നും ഊർജ്ജ വില കുതിച്ചുയരാൻ കാരണമാകുമെന്നും യുഎസ് ആശങ്കപ്പെടുന്നു. നിലവിൽ രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളർ പിന്നിട്ടു കഴിഞ്ഞു. എണ്ണ സംരക്ഷിക്കാനാണ് പ്രസിഡന്റിന് താൽപ്പര്യമെന്നും, ഇത്തരം ദൃശ്യങ്ങൾ ജനങ്ങളെ ഉയർന്ന ഗ്യാസ് വിലയെക്കുറിച്ച് ഓർമ്മിപ്പിക്കുമെന്നും ട്രംപിന്റെ ഉപദേശകൻ വ്യക്തമാക്കി. എണ്ണവില വർധനവിനെ ലോകസമാധാനത്തിനായി നൽകേണ്ട ചെറിയ വിലയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർന്നാൽ മേഖലയിലുടനീളം സമാനമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാന്റെ ഖാത്തമുൽ അൻബിയ ആസ്ഥാനത്തെ വക്താവ് മുന്നറിയിപ്പ് നൽകി. ഇറാൻ തിരിച്ചടി തുടങ്ങിയാൽ എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കാം. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് ഒട്ടും വൈകാതെ മറുപടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വ്യക്തമാക്കി.