28/03/2026
[fontresizer_tawhidurrahmandear_widget]

‘വെടിയുണ്ട പിന്നിലൂടെ തുളച്ചുകയറികരളും വയറും പിളർന്ന് പുറത്തേക്ക്’; ഇസ്രയേൽ മന്ത്രി സ്‌മോട്രിച്ചിന്റെ മകന് ഗുരുതര പരിക്ക്

 ‘വെടിയുണ്ട പിന്നിലൂടെ തുളച്ചുകയറികരളും വയറും പിളർന്ന് പുറത്തേക്ക്’; ഇസ്രയേൽ മന്ത്രി സ്‌മോട്രിച്ചിന്റെ മകന് ഗുരുതര പരിക്ക്

ബെസലേസ് സ്മോട്രിച്ച് മകന്‍ ബെന്യയ്‍ക്കൊപ്പം, നെതന്യാഹുവിനൊപ്പം

തെല്‍ അവീവ്: ഇറാനുമായുള്ള പോരാട്ടം കടുക്കുന്നതിനിടെ ഇസ്രയേലിനു തിരിച്ചടിയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെസലേസ് സ്‌മോട്രിച്ചിന്റെ മകന് അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായാണു പുതിയ വിവരം. ലബനാൻ അതിർത്തിയിലുണ്ടായ മോർട്ടാർ ആക്രമണത്തിലാണ് സ്മോട്രിച്ചിന്റെ മകൻ ബെന്യ ഹെബ്രോൺ ഉൾപ്പെടെയുള്ള എട്ട് സൈനികർക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഹിസ്ബുല്ല ആക്രമണത്തിലാണു സംഭവം. വിവരം മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്യ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

ലബനാൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേൽ സൈന്യത്തിന്റെ ‘ഗിവതി ബ്രിഗേഡ്’ ലക്ഷ്യം വെച്ച് ഹിസ്ബുല്ല നടത്തിയ മോർട്ടാർ ആക്രമണത്തിലാണ് ബെന്യ ഹെബ്രോണിന് പരിക്കേറ്റത്. സ്‌ഫോടനത്തെത്തുടർന്ന് അതിവേഗത്തിൽ തെറിച്ചുവന്ന വെടിയുണ്ടകൾ ബെന്യയുടെ മുതുകിലൂടെയും പിൻഭാഗത്തൂടെയും തുളച്ചുകയറുകയായിരുന്നു. തുടർന്ന് കരളും വയറും പിളർന്നാണ് വെടിയുണ്ട പുറത്തെത്തിയതെന്ന് ‘ഇസ്രയേൽ നാഷനൽ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മരണത്തിനു തൊട്ടുമുന്നിൽനിന്നാണു മകൻ രക്ഷപ്പെട്ടതെന്നു വ്യക്തമായതെന്ന് മന്ത്രി പറഞ്ഞു.

‘ദൈവാനുഗ്രഹത്താൽ ഒരു വലിയ അത്ഭുതമാണ് സംഭവിച്ചത്. ഒരു വെടിയുണ്ട അവന്റെ കരൾ കീറിമുറിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി. എന്നാൽ, അത് വയറ്റിലെ ഏറ്റവും വലിയ രക്തധമനിയുടെ പുറംപാളിയിൽ തങ്ങിനിൽക്കുകയായിരുന്നു. ആ രക്തധമനിക്ക് നേരിയ പോറലേറ്റാൽ പോലും സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമായിരുന്നു,’ സ്‌മോട്രിച്ചിനെ ഉദ്ധരിച്ച് ‘ഇസ്രയേൽ നാഷനൽ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

മകനെ യുദ്ധക്കളത്തിലേക്ക് അയക്കുന്നതിന് തൊട്ടുമുൻപ് വികാരാധീനനായി യാത്രയാക്കുന്ന വീഡിയോ സ്‌മോട്രിച്ച് നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മകന്റെ പരിക്ക് തന്നെയും കുടുംബത്തെയും തളർത്തിയെങ്കിലും, രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന എല്ലാ സൈനികരെയും സ്വന്തം മക്കളായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ രണ്ടര വർഷമായി യുദ്ധകാല ക്യാബിനറ്റിൽ ഇരിക്കുമ്പോൾ ഓരോ തീരുമാനവും ജീവന്മരണ പോരാട്ടമാണെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോൾ എന്റെ മകന്റെ കാര്യത്തിലും അതു സംഭവിച്ചിരിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മകന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും എന്നാൽ കൂടെയുണ്ടായിരുന്ന മറ്റ് ചില സൈനികരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും മന്ത്രി വെളിപ്പെടുത്തി. അവർക്കായി രാജ്യം മുഴുവൻ പ്രാർത്ഥിക്കണമെന്നും സ്‌മോട്രിച്ച് ആവശ്യപ്പെട്ടു. ബെന്യ പുനരധിവാസ ചികിത്സയ്ക്ക് ശേഷം കരുത്തോടെ സൈന്യത്തിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുദ്ധത്തിന്റെ വില നിസ്സാരമല്ലെങ്കിലും ശത്രുക്കൾക്ക് മേൽ വിജയം നേടാനുള്ള നിശ്ചയദാർഢ്യം തങ്ങൾക്ക് കരുത്ത് നൽകുന്നുവെന്നും സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഉൾപ്പെടെയുള്ള പ്രമുഖർ മന്ത്രിയുടെ മകന് സുഖവിവരങ്ങൾ അന്വേഷിച്ച് സന്ദേശങ്ങൾ അയച്ചിരുന്നു.

ഇസ്രയേൽ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദങ്ങൾ സൃഷ്ടിച്ച നേതാക്കളിലൊരാളാണ് ബെസലേൽ സ്മോട്രിച്ച്. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റങ്ങൾ വ്യാപിപ്പിക്കണമെന്ന നിലപാടിന്റെ ശക്തനായ വക്താവായ അദ്ദേഹം ഫലസ്തീൻ രാഷ്ട്രരൂപീകരണത്തെ നഖശിഖാന്തം എതിർക്കുന്നയാളാണ്. ഫലസ്തീൻ എന്നൊരു ജനത തന്നെ നിലവിലില്ലെന്ന സ്‌മോട്രിച്ചിന്റെ പ്രസ്താവനകൾ ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോട് ഔദ്യോഗികമായി ചേർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നതും സ്മോട്രിച്ചാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Also read: