31/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ വ്യോമസേനാ ആസ്ഥാനം തകർത്തെന്ന് ഇറാൻ; അയൺ ഡോമിനെ നിഷ്പ്രഭമാക്കി ‘ഖൈബർ ഷെക്കാൻ’ ബാലിസ്റ്റിക് മിസൈലുകൾ

 ഇസ്രയേൽ വ്യോമസേനാ ആസ്ഥാനം തകർത്തെന്ന് ഇറാൻ; അയൺ ഡോമിനെ നിഷ്പ്രഭമാക്കി ‘ഖൈബർ ഷെക്കാൻ’ ബാലിസ്റ്റിക് മിസൈലുകൾ

തെഹ്‌റാൻ:  പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇസ്രയേൽ വ്യോമസേനാ ആസ്ഥാനത്തിന് നേരെ അതിശക്തമായ മിസൈലാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനൊപ്പം വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും തങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നുവെന്ന് ഇറാൻ ഗാർഡുകൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തെയും ആക്രമണങ്ങളെയും നിയന്ത്രിക്കുന്ന പ്രധാന എയർഫോഴ്സ് ഹെഡ്ക്വാർട്ടേഴ്സ് ലക്ഷ്യമിട്ടാണ് മിസൈലുകൾ തൊടുത്തതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിന്റെ റഡാറുകളെയും അയൺ ഡോം പ്രതിരോധ സംവിധാനങ്ങളെയും ഭേദിക്കാൻ ശേഷിയുള്ള ‘ഖൈബർ ഷെക്കാൻ’ ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചത്.

പ്രഹരശേഷിയുള്ള ഈ മിസൈലുകൾ ഇസ്രയേലിന്റെ അത്യാധുനിക പ്രതിരോധ കവചങ്ങളെ തുളച്ചുകയറി ലക്ഷ്യസ്ഥാനത്ത് എത്തിയതായി ഇറാൻ അവകാശപ്പെടുന്നു. ഇറാൻ സ്വയം വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ദീർഘദൂര മിസൈലുകളിൽ ഒന്നാണ് ഖൈബർ ഷെക്കാൻ. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചു കടക്കാനുള്ള പ്രത്യേക ചടുലതയാണ് ഇതിന്റെ പ്രധാന സവിശേഷതയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

​ഈ ആക്രമണത്തിൽ വ്യോമസേനാ ആസ്ഥാനത്തിന് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നോ ആളപായമുണ്ടോ എന്നോ ഉള്ള കാര്യത്തിൽ ഇസ്രയേൽ സൈന്യം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയൺ’ ജർമനിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് വ്യോമസേനാ ആസ്ഥാനത്തിന് നേരെ ഈ നീക്കം നടത്തിയത്.

Also read: