മത്സരിക്കാനുറച്ച് കെ സുധാകരൻ; നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം, കേരള ഹൗസിലെ കുടിശ്ശിക തീർത്തു
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളുമായി കെ സുധാകരൻ. ഇതിന്റെ ഭാഗമായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. എം.പി എന്ന നിലയിൽ കേരള ഹൗസിലുണ്ടായിരുന്ന കുടിശ്ശിക സുധാകരൻ പൂർണമായും തീർപ്പാക്കി കഴിഞ്ഞു.
ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ ബാധ്യതകൾ തീർക്കാനുള്ള നടപടികളും സുധാകരന്റെ ഓഫീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഉച്ചയോടെ തന്നെ കുടിശ്ശികകൾ തീർത്ത് ബാധ്യതാരഹിത സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾ സാധാരണയായി ചെയ്യുന്ന ഈ നീക്കം സുധാകരൻ മത്സരരംഗത്തുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി ഹൈക്കമാൻഡിനോടും സംസ്ഥാന നേതൃത്വത്തോടും സുധാകരൻ കടുത്ത അമർഷത്തിലാണ്. തന്നെ വിശ്വസിച്ച് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ തന്നെ പൂർണമായും അവഗണിച്ചതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും മറ്റ് കോൺഗ്രസ് എംപിമാരും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഒരു അനുനയത്തിനും സുധാകരൻ വഴങ്ങിയിട്ടില്ല. തന്റെ അതൃപ്തി അദ്ദേഹം ശക്തമായ ഭാഷയിൽ തന്നെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ താൻ നിർദ്ദേശിച്ച പേരുകൾ ഹൈക്കമാൻഡ് അവഗണിച്ചതും സുധാകരനെ പ്രകോപിതനാക്കിയിട്ടുണ്ട്.