ഇറാന്റെ അനുഭവം ചൂണ്ടിക്കാട്ടി കിം; ആണവായുധ ശക്തി കൂട്ടുമെന്ന് പ്രഖ്യാപിച്ച് ഉത്തര കൊറിയ
സിയോൾ: ആണവായുധ ശക്തി കൂട്ടിയില്ലെങ്കിൽ രാജ്യത്തിന് നിലനിൽപ്പും സമാധാനവും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉൻ. ലോകത്തെ നിലവിലെ സാഹചര്യം വിലയിരുത്തിയാൽ ഒരു രാജ്യത്തിന്റെ നിലനിൽപ്പിനായി വേണ്ടത് കരുത്തുറ്റ സൈനിക ശക്തിയാണെന്ന് കിം ജോങ് ഉൻ പറഞ്ഞു. ഇറാനെ ഓർമിച്ച് ‘ഏകപക്ഷീയമായ അക്രമങ്ങളിലൂടെയും പരമാധികാര രാഷ്ട്രങ്ങളുടെ അന്തസ്സും അവകാശങ്ങളും ക്രൂരമായി ലംഘിക്കപ്പെടുന്ന ഇന്നത്തെ യാഥാർത്ഥ്യം’ ഇതാണ് നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ആണവായുധ ശക്തി കൂട്ടുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കിം വ്യക്തമാക്കി.
ഉത്തര കൊറിയയുടെ ആണവായുധ പദവി ഒരിക്കലും മാറ്റാൻ കഴിയാത്തതാണെന്നും അത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഇനി ആരുമായും ചർച്ചയ്ക്കില്ലെന്നും ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പാർലമെന്റായ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക നേട്ടങ്ങൾക്കോ സുരക്ഷാ ഉറപ്പുകൾക്കോ വേണ്ടി തങ്ങളുടെ ആണവായുധങ്ങൾ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ദക്ഷിണ കൊറിയയെ തങ്ങളുടെ ‘ഏറ്റവും വലിയ ശത്രുരാജ്യം’ ആയി പ്രഖ്യാപിച്ച കിം, രാജ്യത്തിന്റെ പരമാധികാരത്തിന്മേൽ എന്തെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാൽ ഒട്ടും ദയയില്ലാതെ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയും സഖ്യകക്ഷികളും കൊറിയൻ ഉപദ്വീപിൽ നടത്തുന്ന സൈനിക നീക്കങ്ങൾ മേഖലയിലെ സമാധാനം തകർക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാൻ ആണവായുധങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ പുതിയ അഞ്ചു വർഷ സാമ്പത്തിക പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. ആണവായുധങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ സാമ്പത്തിക പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന ശത്രുരാജ്യങ്ങളുടെ പ്രചാരണം തെറ്റാണെന്ന് കിം അവകാശപ്പെട്ടു. പുതിയ ഭരണഘടനാ ഭേദഗതിയിലൂടെ ആണവായുധങ്ങൾ കൈവശം വെക്കുന്നത് രാജ്യത്തിന്റെ അവകാശമായി മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ പുനരേകീകരണം എന്ന ദശാബ്ദങ്ങൾ പഴക്കമുള്ള നയം ഉത്തര കൊറിയ പൂർണ്ണമായും ഉപേക്ഷിച്ചതിന്റെ സൂചനയായാണ് ഈ പ്രസ്താവനകളെ ലോകരാജ്യങ്ങൾ വിലയിരുത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കിം ജോങ് ഉന്നിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.