വീണ്ടും ക്രൂയിസ് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; കിമ്മിന് ഒപ്പമിരുന്ന് എല്ലാം നിരീക്ഷിച്ചും നിയന്ത്രിച്ചും മകൾ
പ്യോങ്‌യാങ്: അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായി ഉത്തരകൊറിയ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും മകൾ കിം ജു എയും നേരിട്ടെത്തിയാണ് മിസൈൽ വിക്ഷേപണം നിരീക്ഷിച്ചത്. പടിഞ്ഞാറൻ തീരത്തെ ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ വിജയകരമായി പതിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അത്യാധുനികമായ ‘ചോ ഹ്യോൺ’ എന്ന 5,000 ടൺ ഡിസ്ട്രോയർ യുദ്ധക്കപ്പലിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. നാവികസേനയുടെ തന്ത്രപരമായ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനും സൈനികർക്ക് പുതിയ ആയുധങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് ഈ പരീക്ഷണമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കി. ശക്തവും വിശ്വസനീയവുമായ ആണവ പ്രതിരോധം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 13 വയസ്സ് പ്രായമുള്ള മകൾ കിം ജു എ കഴിഞ്ഞ കുറച്ചു കാലമായി പിതാവിനൊപ്പം പ്രധാന സൈനിക പരേഡുകളിലും ആയുധ പരീക്ഷണങ്ങളിലും പങ്കെടുത്തു വരികയാണ്. കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ എത്തുമെന്ന സൂചനകൾക്കിടെയാണ് ഈ സന്ദർശനവും ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ആഴ്ചയും ഇതേ കപ്പലിൽ നിന്ന് മിസൈൽ പരീക്ഷണം നടന്നിരുന്നെങ്കിലും അന്ന് മകൾ ഒപ്പമുണ്ടായിരുന്നില്ല.
യുഎസ്-ദക്ഷിണ കൊറിയൻ സൈനികാഭ്യാസമായ ‘ഫ്രീഡം ഷീൽഡ്’ ആരംഭിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രകോപനം. സംയുക്ത അഭ്യാസങ്ങൾ തങ്ങളെ അധിനിവേശം ചെയ്യാനുള്ള നീക്കമാണെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഈ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ, ശത്രുതാപരമായ നയങ്ങൾ അമേരിക്ക ഉപേക്ഷിക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടു.