ഗ്യാസ് ക്ഷാമത്തിനിടെ സിലിണ്ടർ മോഷണം; ഫ്യൂസ് ഊരിയിട്ടും കള്ളനെ കുടുക്കി ഇൻവെർട്ടറും സിസിടിവിയും
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാനത്ത് ഹോട്ടലിൽ നിന്ന് സിലിണ്ടർ കവർന്നു. ചാല ആര്യശാലയിലെ വി.എസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് മോഷണം നടന്നത്. ഹോട്ടലിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന നിറച്ച സിലിണ്ടറുമായാണ് കള്ളൻ കടന്നുകളഞ്ഞത്. അതിവിദഗ്ധമായ ആസൂത്രണത്തോടെ എത്തിയ പ്രതി, സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരിക്കാൻ ഹോട്ടലിന്റെ മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതിനാൽ വൈദ്യുതി പോയിട്ടും ക്യാമറകൾ പ്രവർത്തിച്ചു. ഇതോടെ കള്ളൻ അകത്തുകയറുന്നതും സിലിണ്ടറുമായി മടങ്ങുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ കൃത്യമായി പതിഞ്ഞു.
കള്ളത്താക്കോൽ ഉപയോഗിച്ച് പൂട്ടഴിച്ചാണ് പ്രതി അകത്തുകടന്നത്. ഹോട്ടൽ പരിസരത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് ഉടമ സംശയിക്കുന്നു. മറ്റു സാധനങ്ങളൊന്നും മോഷ്ടിക്കാതെ ഗ്യാസ് സിലിണ്ടർ മാത്രം ലക്ഷ്യം വെച്ചതും വൈദ്യുതി ഫ്യൂസ് എവിടെയാണെന്ന് മുൻകൂട്ടി അറിഞ്ഞതുമാണ് ഈ സംശയത്തിന് കാരണം. സംഭവത്തിൽ ഫോർട്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
ഹോട്ടൽ ഉടമ കൈമാറിയ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. നിലവിലെ ഗ്യാസ് ക്ഷാമം മുതലെടുത്ത് നടത്തിയ മോഷണമാണോ അതോ വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ ആസൂത്രണം ചെയ്തതാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഗ്യാസ് പ്രതിസന്ധിക്കിടയിൽ സിലിണ്ടറുകൾ മോഷണം പോകുന്നത് വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.