ചിട്ടയായ ജീവിതവും ഭക്ഷണവും ‘മിസ്സ്’ ചെയുന്നു; ജയിലിൽ പോകാൻ വേണ്ടി വീണ്ടും മോഷണം നടത്തിയ പ്രതി പിടിയിൽ
തിരുവനന്തപുരം: ജയിലിലെ ചിട്ടയായ ജീവിതവും ഭക്ഷണവും ആസ്വദിക്കാനായി വീണ്ടും മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കോവളം ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46) ആണ് കഴിഞ്ഞ ദിവസം കോവളം ബീച്ച് റോഡിലെ രണ്ട് കടകളിൽ മോഷണം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായത്. ജയിലിലെ സുരക്ഷയും വൃത്തിയുള്ള ഭക്ഷണവും മെച്ചപ്പെട്ട ചികിത്സയുമാണ് തന്നെ വീണ്ടും മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ജയിൽ അടുക്കളയിലെ സീനിയർ മേസ്തിരിയായ ഇയാൾക്ക് അവിടെ ലഭിക്കുന്ന ജോലിക്കൂലിയും പ്രധാന ആകർഷണമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ പലയിടങ്ങളിൽ നിന്നും നേരിടേണ്ടി വരുന്ന ശല്യങ്ങൾ ഒഴിവാക്കാനും ജയിൽ വാസമാണ് നല്ലതെന്ന് ഇയാൾ വിശ്വസിക്കുന്നു.
ബീച്ച് റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലാണ് ഇയാൾ ഒരേദിവസം കവർച്ച നടത്തിയത്. ലൈറ്റ് ഹൗസ് ബീച്ച് റോഡിലെ മിനി മാർക്കറ്റിൽ നിന്ന് 40,000 രൂപയും ഹാർഡ് ഡിസ്കും മോഷ്ടിച്ചു. തുടർന്ന് ഹവ്വാ ബീച്ച് റോഡിന് സമീപമുള്ള കോഴിക്കടയിൽ നിന്ന് മൊബൈൽ ഫോണും 44,000 രൂപയും കവർന്നു. വിഴിഞ്ഞം, കോവളം മേഖലകളിലായി 21-ലധികം മോഷണക്കേസുകളിൽ പ്രതിയാണ് ദിലീപ് ഖാനെന്ന് പോലീസ് അറിയിച്ചു. രാത്രിയോടെ തന്നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.