28/03/2026
[fontresizer_tawhidurrahmandear_widget]

‘ജനലിലൂടെ ഒരാള്‍ ഫാനില്‍ തൂങ്ങിയാടുന്നത് കണ്ടു’; നാട്ടുകാരെത്തി നോക്കിയപ്പോള്‍ കൂട്ടമരണം

 ‘ജനലിലൂടെ ഒരാള്‍ ഫാനില്‍ തൂങ്ങിയാടുന്നത് കണ്ടു’; നാട്ടുകാരെത്തി നോക്കിയപ്പോള്‍ കൂട്ടമരണം

കൊച്ചി: വടുതലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ അശ്വതി നായർ, അമ്മ ശ്രീകുമാരി, അശ്വതിയുടെ മക്കളായ കാർണിവൻ (14), കീർത്തവൻ (4), രണ്ട് വയസ്സുകാരിയായ മകൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരാൾ ഫാനിൽ തൂങ്ങിയാടുന്നത് ജനലിലൂടെ നാട്ടുകാർ കണ്ടതോടെയാണ് നാടിനെ നടുക്കിയ കൂട്ടമരണത്തിന്റെ വിവരം പുറംലോകമറിഞ്ഞത്.

രണ്ടു മാസങ്ങൾക്ക് മുൻപാണ് കുട്ടിയുടെ ചികിത്സയ്ക്കായി ഇവർ വടുതലയിൽ വീട് വാടകയ്‌ക്കെടുത്തത്. അശ്വതിയുടെ ഭർത്താവ് മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനുപിന്നാലെ ഉണ്ടായ കുടുംബപ്രശ്നങ്ങളും ഭർത്താവിന്റെ ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അശ്വതിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മൂന്ന് കുട്ടികൾക്കും വിഷം നൽകിയ ശേഷം അശ്വതിയും അമ്മയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

സംഭവസ്ഥലത്തെത്തിയ എറണാകുളം നോർത്ത് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു കുടുംബം മുഴുവൻ ഇല്ലാതായതിന്റെ ഞെട്ടലിലാണ് വടുതല നിവാസികൾ.

Also read: