06/03/2026
[fontresizer_tawhidurrahmandear_widget]

പശ്ചിമേഷ്യയിലെ യുഎസ് മിസൈൽ റഡാറുകൾ തകർത്ത് ഇറാൻ- സിഎൻഎൻ റിപ്പോർട്ട്‌

 പശ്ചിമേഷ്യയിലെ യുഎസ് മിസൈൽ റഡാറുകൾ തകർത്ത് ഇറാൻ- സിഎൻഎൻ റിപ്പോർട്ട്‌

ദുബൈ/അമ്മാൻ: പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ജോർദാനിലെയും യുഎഇയിലെയും പ്രധാന മിസൈൽ പ്രതിരോധ റഡാറുകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. സിഎൻഎൻ വിശകലനം ചെയ്ത പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് യുഎസ് നിർമിത പ്രതിരോധ ശൃംഖലയുടെ തകർച്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മേഖലയിലെ വ്യോമ പ്രതിരോധ ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് സൂചന.

ജോർദാനിലെ ‘താഡ്’ റഡാർ തകർന്നു

ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന അത്യാധുനിക ‘താഡ്’ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ റഡാറിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. മാർച്ച് ഒന്നിനും രണ്ടിനും ഇടയിൽ നടന്ന ആക്രമണത്തിൽ റഡാർ ഇൻസ്റ്റാളേഷന് സമീപം 13 അടി വീതിയുള്ള രണ്ട് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും തിരിച്ചറിയുന്നതിനും അവയെ ആകാശത്തുവെച്ച് നശിപ്പിക്കുന്നതിനും നിർണായകമായ സെൻസറുകളാണ് ഈ റഡാറിലുള്ളത്.

യുഎഇയിലും ഖത്തറിലും കനത്ത പ്രഹരം

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റുവൈസ്, സാദർ എന്നീ സൈനിക കേന്ദ്രങ്ങളിലും സമാനമായ തകർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28-നും മാർച്ച് ഒന്നിനും ഇടയിൽ നടന്ന ആക്രമണത്തിൽ മേഖലകളിലെ ഏഴോളം കെട്ടിടങ്ങൾ തകർന്നു. ഇവയിൽ പലതും മിസൈൽ പ്രതിരോധ വാഹനങ്ങൾ സൂക്ഷിക്കുന്ന ഷെഡുകളാണെന്ന് കരുതപ്പെടുന്നു. കൂടാതെ, ഖത്തറിലെ ഉം ദഹാലിലുള്ള യുഎസ് നിർമിത ‘ഏർലി വാണിങ്’ റഡാർ സംവിധാനത്തിനും കേടുപാടുകൾ സംഭവിച്ചതായി ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺപ്രൊലിഫറേഷൻ സ്റ്റഡീസിലെ ഗവേഷകർ നടത്തിയ വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധം ശക്തമാക്കി സഖ്യകക്ഷികൾ

സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ 1,072 ഡ്രോൺ ആക്രമണങ്ങളും 196 ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളും യുഎഇ നേരിട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ആക്രമണങ്ങൾ ശക്തമായതോടെ യുഎഇയുടെ ആകാശപരിധി സംരക്ഷിക്കാൻ ഫ്രാൻസ് തങ്ങളുടെ ‘റഫാൽ’ യുദ്ധവിമാനങ്ങൾ വിന്യസിച്ചു. നിലവിൽ ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഡ്രോൺ ഭീഷണി ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്.

മൗനം വെടിയാതെ പെന്റഗൺ

മേഖലയിലെ നിർണായക പ്രതിരോധ സംവിധാനങ്ങൾക്കുണ്ടായ തകർച്ചയെക്കുറിച്ച് പ്രതികരിക്കാൻ യുഎസ് പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല. പ്രവർത്തനപരമായ സുരക്ഷാ കാരണങ്ങളാൽ സൈനിക ശേഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പെന്റഗൺ വക്താവ് അറിയിച്ചു. ജോർദാൻ, യുഎഇ അധികൃതരും വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

റഡാർ സംവിധാനങ്ങൾ പ്രവർത്തനരഹിതമായത് മേഖലയിലെ യുഎസ്-അറബ് സംയുക്ത പ്രതിരോധ ശൃംഖലയ്ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Also read: