03/04/2026
[fontresizer_tawhidurrahmandear_widget]

മൊജ്‌തബ ഖാംനഇ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്

 മൊജ്‌തബ ഖാംനഇ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്

തെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി സയ്യിദ് മൊജ്തബ ഖാംനഇയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വാരം അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖാംനഇയുടെ പിൻഗാമിയായാണ് മകൻ തന്നെ അധികാരമേൽക്കുന്നത്. ഔദ്യോഗിക ഇറാൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

​ഇറാന്റെ പരമോന്നത നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വിദഗ്ധ സമിതിയാണ് മൊജ്തബ ഖാംനഇയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ ഇറാന്റെ നേതൃത്വത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ദീർഘകാലമായി പിതാവിനൊപ്പം ഭരണപരമായ കാര്യങ്ങളിൽ സജീവമായിരുന്ന മൊജ്തബയിലേക്ക് തന്നെ അധികാരം എത്തിയത് രാഷ്ട്രീയ സുസ്ഥിരത ഉറപ്പാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

​ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് നേരിട്ട് പങ്കുണ്ടാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, അമേരിക്കയുടെ സമ്മർദങ്ങൾക്കിടയിലും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പരമാധികാരം ഉയർത്തിപ്പിടിച്ചാണ് ഇറാൻ ഈ തീരുമാനമെടുത്തത്.

അമേരിക്കയും ഇസ്രയേലും ഇറാനിൽ കനത്ത വ്യോമാക്രമണം തുടരുന്ന അതിസങ്കീർണമായ സാഹചര്യത്തിലാണ് മൊജ്തബ ഖാംനഇ അധികാരമേൽക്കുന്നത്. ഇറാന്റെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളും തകർക്കപ്പെട്ടതും ആഭ്യന്തരമായി പുതിയ നേതൃത്വം നേരിടുന്ന വലിയ വെല്ലുവിളിയാണ്.

​യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ പുതിയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾ പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ഭാവി നിർണയിക്കും.

Also read: