28/03/2026
[fontresizer_tawhidurrahmandear_widget]

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

 ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്‌ലെയും നടൻ ഫർമാൻ ഖാനും തങ്ങളുടെ വിവാഹത്തെച്ചൊല്ലിയുള്ള ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി രംഗത്തെത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായതെന്നും ഇതിൽ മതംമാറ്റത്തിന്റെ ആവശ്യമില്ലെന്നും ഇരുവരും പറഞ്ഞു.

വിവാഹത്തിന് വേണ്ടി ആരും മതം മാറിയിട്ടില്ലെന്ന് മോണാലിസ വ്യക്തമാക്കി. താൻ ഹിന്ദുവായി തന്നെ തുടരുമെന്നും ഫർമാൻ മുസ്‌ലിമായി തുടരുമെന്നും അവർ പറഞ്ഞു. സ്നേഹിക്കാൻ മതം മാറേണ്ടതില്ലെന്ന് ഫർമാനും കൂട്ടിച്ചേർത്തു. മോണാലിസയുടെ ആഗ്രഹപ്രകാരം ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ബന്ധുവായ ഒരാളുമായി വീട്ടുകാർ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും തനിക്ക് അതിൽ താല്പര്യമില്ലായിരുന്നുവെന്നും മോണാലിസ വെളിപ്പെടുത്തി. നിലവിൽ പിതാവ് തീരുമാനത്തിൽ അതൃപ്തനാണെങ്കിലും പിന്നീട് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

ഫർമാൻ ഖാൻ പ്രായപൂർത്തിയാകാത്ത ആളാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിക്കൊണ്ട് ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇരുവരും ഹാജരാക്കി. കേരള സർക്കാരിന്റെ കെ-സ്‌മാർട്ട് ആപ്പ് വഴിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. പൂവാർ പഞ്ചായത്തിൽ നിന്നും ക്ഷേത്രത്തിൽ നിന്നും ലഭിച്ച വിവാഹ സർട്ടിഫിക്കറ്റുകളും ഇവർ വാർത്താസമ്മേളനത്തിൽ കാണിച്ചു.

പി ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘നാഗമ്മ’ എന്ന മലയാള സിനിമയുടെ സെറ്റിൽ വെച്ചാണ് ആറുമാസം മുമ്പ് ഇരുവരും പരിചയപ്പെടുന്നത്. ചിത്രത്തിൽ മോണാലിസ നായികയായും ഫർമാൻ വില്ലനായുമാണ് അഭിനയിക്കുന്നത്. കേരളത്തിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയിൽ സന്തോഷമുണ്ടെന്നും താല്പര്യമുണ്ടെങ്കിൽ ഇവിടെ തന്നെ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫർമാൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എം.വി ഗോവിന്ദൻ, എ.എ റഹീം എം.പി എന്നിവർ നൽകിയ പിന്തുണയ്ക്ക് ദമ്പതികൾ നന്ദി അറിയിച്ചു.

Also read: