28/03/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപിയിൽ ചേർന്നത് ചരിത്രപരമായ മണ്ടത്തരം’; ആഞ്ഞടിച്ച് നേതാജിയുടെ കൊച്ചുമകൻ

 ‘ബിജെപിയിൽ ചേർന്നത് ചരിത്രപരമായ മണ്ടത്തരം’; ആഞ്ഞടിച്ച് നേതാജിയുടെ കൊച്ചുമകൻ

കൊൽക്കത്ത: ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ ചന്ദ്രകുമാർ ബോസ്. തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി വർഗീയ ധ്രുവീകരണവും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമാണ് പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ മതേതര ഘടന സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും ചന്ദ്രകുമാർ ബോസ് ആവശ്യപ്പെട്ടു.

എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. 2016-ൽ ബിജെപിയിൽ ചേർന്ന ചന്ദ്രകുമാർ ബോസ് പശ്ചിമ ബംഗാൾ ഘടകത്തിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി ടിക്കറ്റിൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും അദ്ദേഹം മത്സരിച്ചിരുന്നു.

‘ബിജെപിയിൽ ചേർന്നത് ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു. എന്നാൽ വൈകാതെ തന്നെ എനിക്കത് ബോധ്യപ്പെട്ടു. വെറും തെരഞ്ഞെടുപ്പ് വിജയത്തിനായി വോട്ടർമാരെ ഭിന്നിപ്പിക്കുകയും ധ്രുവീകരിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ആ പാർട്ടിയുടെ ലക്ഷ്യം. വർഗീയതയെ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല,’ ബോസ് പോസ്റ്റിൽ കുറിച്ചു.

രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും ജനങ്ങളും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ മതേതര ഘടന സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ‘ജയ് ഹിന്ദ്’ എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്രബോസിന്റെയും മതേതര നിലപാടുകളും ഐക്യമെന്ന കാഴ്ചപ്പാടും ബിജെപിയിൽ നടപ്പാക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ചാണ് 2023-ൽ അദ്ദേഹം പാർട്ടിയിൽനിന്ന് രാജിവച്ചത്. പൗരത്വ ഭേദഗതി നിയമം (സിഎഎ) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേരത്തെ തന്നെ അദ്ദേഹം ബിജെപി നിലപാടിനെ പരസ്യമായി വിമർശിച്ചിട്ടുണ്ട്.

ചന്ദ്രകുമാർ ബോസിന്റെ പുതിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നേതാജിയുടെ യഥാർത്ഥ മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ചതിന് അദ്ദേഹത്തെ അനുകൂലിച്ചും, അവസരവാദമാണെന്ന് ആരോപിച്ച് ബിജെപി അനുകൂലികൾ വിമർശിച്ചും രംഗത്തെത്തി. ബംഗാൾ രാഷ്ട്രീയത്തിൽ ബിജെപി നേതാജിയുടെ പേര് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന ആരോപണം നിലനിൽക്കെ, കുടുംബാംഗത്തിന്റെ ഈ തുറന്നുപറച്ചിൽ ബിജെപിക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Also read: