ധൈര്യം തന്ന് യുദ്ധത്തിൽ ചാടിച്ചു! ഇറാനിലെ ഭരണാട്ടിമറി നടന്നില്ല; മൊസാദിനെതിരെ നെതന്യാഹു
തെല്‍ അവീവ്: ഇറാന്റെ ആഭ്യന്തര ഭരണം ആഴ്ചകൾക്കുള്ളിൽ തകരുമെന്ന ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ പാഴ്വാക്കുകളിൽ വിശ്വസിച്ച് യുദ്ധത്തിനിറങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിൽ. മൊസാദ് ഉദ്യോഗസ്ഥർക്ക് നേരെ നെതന്യാഹു രൂക്ഷവിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാൻ ഭരണകൂടം തകരുമെന്ന ഉറപ്പിന്മേൽ ഡൊണാൾഡ് ട്രംപിനെ ഇറാൻ ആക്രമണത്തിന് പ്രേരിപ്പിച്ച നെതന്യാഹു, ഇപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറെടുക്കുന്നത് കണ്ട് ആശയങ്കയിലാണെന്ന് ’ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും തകർക്കുന്നതിലൂടെ അവിടുത്തെ ജനങ്ങൾ ഭരണകൂടത്തിന് എതിരെ തെരുവിലിറങ്ങുമെന്നും ഭരണം തകരുമെന്നും മൊസാദ് മേധാവി ഡേവിഡ് ബാർണിയ നെതന്യാഹുവിന് ഉറപ്പുനൽകിയിരുന്നു. ഈ ‘ഗാരന്റി’ വിശ്വസിച്ചാണ് നെതന്യാഹു ഡൊണാൾഡ് ട്രംപിനെക്കൊണ്ട് ഇറാനെതിരെ കടുത്ത സൈനിക നീക്കം നടത്തിയത്. എന്നാൽ, ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടിട്ടും ഇറാൻ ജനത ഭരണകൂടത്തിന് പിന്നിൽ കൂടുതൽ ശക്തമായി അണിനിരക്കുകയാണ് ചെയ്തത്. പുതിയ നേതാവ് മുജ്തബ ഖാംനഇയുടെ കീഴിൽ ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചത് ഇസ്രയേലിന്റെയും മൊസാദിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു.
യുദ്ധം അനന്തമായി നീണ്ടുപോകുന്നതിൽ ഡൊണാൾഡ് ട്രംപ് അസ്വസ്ഥനാണ്. തങ്ങൾ വിജയിച്ചുകൊണ്ടിരിക്കുന്നു എന്ന് ലോകത്തോട് അവകാശപ്പെടുമ്പോഴും, ഏതു നിമിഷവും യുദ്ധം നിർത്താൻ ട്രംപ് ഉത്തരവിട്ടേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്ക് അടഞ്ഞതും ആഗോള എണ്ണവിപണിയിലെ അസ്ഥിരതയും ട്രംപിന് മേൽ വലിയ സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. തന്റെ സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇസ്രയേലിനുള്ള പിന്തുണ കുറയ്ക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.
മൊസാദ് നൽകിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ അപൂർണവും തെറ്റുമായിരുന്നുവെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. സെക്യൂരിറ്റി കാബിനറ്റ് യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥരോട് അദ്ദേഹം കയർത്ത് സംസാരിച്ചതായും ’ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു. ഒരു വശത്ത് സൈനിക ക്ഷാമം നേരിടുന്ന ഇസ്രയേലിന്, അമേരിക്ക കൂടി പിന്മാറിയാൽ യുദ്ധം തുടരുക അസാധ്യമാകും.
ഇറാൻ അട്ടിമറിക്കപ്പെടുമെന്ന മൊസാദിന്റെ വാഗ്ദാനം വിശ്വസിച്ച് ട്രംപിനെ യുദ്ധമുഖത്ത് എത്തിച്ച നെതന്യാഹു, ഇപ്പോൾ നയതന്ത്രപരമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ അത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ തിരിച്ചടിയായേക്കാം.