28/03/2026
[fontresizer_tawhidurrahmandear_widget]

ട്വന്റി 20-യുടെ പത്രികാ സമർപ്പണത്തിന് മുൻപേ ട്വിസ്റ്റ്; ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല, പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയയെ മാറ്റും

 ട്വന്റി 20-യുടെ പത്രികാ സമർപ്പണത്തിന് മുൻപേ ട്വിസ്റ്റ്; ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല, പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയയെ മാറ്റും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ട്വന്റി 20 സ്ഥാനാർത്ഥി പട്ടികയിൽ വൻ പ്രതിസന്ധി. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ നടി വീണ നായർക്കും പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായ നടി ലക്ഷ്മി പ്രിയയ്ക്കും വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം പുറത്തുവന്നതോടെ ഇരു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മാറ്റാൻ പാർട്ടി തീരുമാനിച്ചു.

ചങ്ങനാശ്ശേരി മണ്ഡലത്തിൽ തനിക്ക് വോട്ടുണ്ടെന്നായിരുന്നു വീണ നായരുടെ വിശ്വാസം. മുൻപ് അവിടെ വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ പേര് കണ്ടെത്താനായില്ല. സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും ഉണ്ടായത്. ലക്ഷ്മി പ്രിയയുടെ പേരും വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ അവർക്കും മത്സരിക്കാനാവില്ല. സ്ഥാനാർത്ഥികൾക്ക് അതത് സംസ്ഥാനത്തെ ഏതെങ്കിലും മണ്ഡലത്തിൽ വോട്ടുണ്ടായിരിക്കണം എന്ന നിബന്ധന നിലനിൽക്കെയാണ് ഈ സാങ്കേതിക പിഴവ് പാർട്ടിക്ക് തിരിച്ചടിയായത്.

പ്രതിസന്ധി പരിഹരിക്കാൻ ഇരു മണ്ഡലങ്ങളിലും പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളിലാണ് ട്വന്റി 20 നേതൃത്വം. പെരുമ്പാവൂരിൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവിനെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നുണ്ട്. നാളെ പത്രിക സമർപ്പിക്കേണ്ടതിനാൽ ഇന്ന് തന്നെ പുതിയ പേരുകൾ പ്രഖ്യാപിച്ചേക്കും. സിനിമാ താരങ്ങളെ മുൻനിർത്തിയുള്ള പ്രചാരണത്തിന് തുടക്കത്തിലേ ഏറ്റ ഈ തിരിച്ചടി പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Also read: