02/04/2026
[fontresizer_tawhidurrahmandear_widget]

സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: കേസെടുത്ത് പോലീസ്‌

 സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം: കേസെടുത്ത് പോലീസ്‌

കോഴിക്കോട്- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസാണ് നടപടിയെടുത്തത്. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അജ്ഞാത ഐഡിക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതീവ ആസൂത്രിതമായ നീക്കങ്ങളാണ് സൈബർ ആക്രമണത്തിന് പിന്നിൽ നടന്നിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വി.പി.എൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തായ്‌വാനിൽനിന്നാണ് വ്യാജ ഫേസ്ബുക്ക് ഐഡി ലോഗിൻ ചെയ്തിരിക്കുന്നത്.വ്യാജ വാർത്ത പ്രചരിപ്പിക്കാൻ വേണ്ടി മാത്രം മൂന്ന് ദിവസം മുൻപ് നിർമ്മിച്ച പ്രൊഫൈലാണിത്. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്(എഐ) ഉപയോഗിച്ച് തയ്യാറാക്കിയ മോർഫ് ചെയ്ത ചിത്രങ്ങളും ഉൾപ്പെടെയുള്ള കള്ളക്കഥകളുമാണ് പ്രചരിപ്പിച്ചത്.

വിവാദമായ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നത് അഫ്സൽ പാണക്കാട് എന്ന സിപിഎം സൈബർ ഹാൻഡിലിനെ മാത്രമാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ, ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് അഫ്സൽ പാണക്കാടിന്റെ പ്രതികരണം. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച മറ്റ് സൈബർ ഹാൻഡിലുകൾക്കെതിരെയും മുസ്ലിം ലീഗ് പരാതി നൽകും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വലിയ വിവാദമുണ്ടാക്കിയ ‘കാഫിർ സ്ക്രീൻഷോട്ട്’ മോഡലിന് സമാനമായ രീതിയിലാണ് ഇത്തവണയും നീക്കങ്ങൾ നടക്കുന്നത്. അന്ന് ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളായ ‘റെഡ് എന്കൗണ്ടര്’ വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് സമാനമായി, മുസ്ലിം കേരളത്തിന്റെ പരമോന്നത നേതാവിനെ ലക്ഷ്യമിട്ട് വിഷവിത്ത് വിതയ്ക്കാനാണ് പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നത്.

Also read: