07/03/2026
[fontresizer_tawhidurrahmandear_widget]

‘കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം, രാജ്യത്തെ ഭൂരിഭാഗം പേർക്കും സത്യം അറിയാം’- രാഹുൽ ഗാന്ധി

 ‘കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം, രാജ്യത്തെ ഭൂരിഭാഗം പേർക്കും സത്യം അറിയാം’- രാഹുൽ ഗാന്ധി

ഇടുക്കി: ‘കേരള സ്റ്റോറി’ സിനിമയ്ക്കെതിരെയും അതിന് പിന്നിലെ രാഷ്ട്രീയ അജണ്ടകൾക്കെതിരെയും കടുത്ത വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും, കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് ജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനും ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും, ഇതിനായി വലിയ തോതിൽ പണം ചിലവാക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ ആരും കാണുന്നില്ല എന്നത് ജനങ്ങൾ സത്യം തിരിച്ചറിയുന്നതിന്റെ തെളിവാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

വിദ്യാർഥികളുമായുള്ള സംവാദത്തിന് ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. മരിയൻ കോളേജിലെ ബോർഡ് റൂമിൽ വെച്ച് നടന്ന കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എം.പി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Also read: