‘പാർലമെന്റിൽ മാന്യമായ വസ്ത്രം ധരിക്കണം; പ്രതിപക്ഷ നേതാവാകാനുള്ള പക്വതയില്ല’- രാഹുൽ ഗാന്ധിയെ പരിഹസിച്ച് കിരൺ റിജിജു
ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ടൈംസ് നൗ ഉച്ചകോടി 2026-ൽ സംസാരിക്കവെയാണ് ഭരണഘടനാ പദവികൾ വഹിക്കുന്നവർ പെരുമാറ്റത്തിലും വേഷത്തിലും മാന്യത പുലർത്തണമെന്ന് റിജിജു ഓർമ്മിപ്പിച്ചത്. ഔദ്യോഗിക മീറ്റിംഗുകളിലും പാർലമെന്റിലും ടീ ഷർട്ടുകൾ ധരിക്കുന്നത് ഉചിതമല്ലെന്നും അത് കാണാൻ ഭംഗിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി പാലിക്കേണ്ട മര്യാദകൾ ലംഘിക്കുകയാണെന്ന് റിജിജു കുറ്റപ്പെടുത്തി. മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമർശനം. സാധാരണ വേഷം ധരിച്ചിരുന്ന ചാറ്റർജി, സ്പീക്കർ പദവിയിലെത്തിയപ്പോൾ ആ സ്ഥാനത്തിന്റെ അന്തസ്സിനനുസരിച്ചുള്ള വസ്ത്രധാരണ രീതി സ്വീകരിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇപ്പോഴും അനൗദ്യോഗിക വസ്ത്രങ്ങൾ ധരിച്ചാണ് പാർലമെന്റിൽ എത്തുന്നതെന്നും ഇത് പദവിയോടുള്ള അനാദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള പക്വതയില്ലെന്ന് ആഞ്ഞടിച്ച റിജിജു, പ്രിയങ്ക ഗാന്ധിയായിരുന്നു ആ സ്ഥാനത്തേക്ക് കൂടുതൽ മികച്ച തിരഞ്ഞെടുപ്പെന്നും അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളോടൊപ്പം ഇരിക്കുമ്പോഴോ വീട്ടിലോ ധരിക്കേണ്ട വസ്ത്രങ്ങൾ ഔദ്യോഗിക വേദികളിൽ ധരിക്കുന്നത് മാന്യതയല്ലെന്നാണ് മന്ത്രിയുടെ പക്ഷം. പാർലമെന്റിലെ വസ്ത്രധാരണ മര്യാദകളെക്കുറിച്ചുള്ള ചർച്ചകളിൽ റിജിജുവിന്റെ ഈ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.