‘ഇസ്രയേൽ പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒറ്റ കുറ്റത്തിന് എന്റെ മക്കൾ ഒരുപാട് പരിഹാസങ്ങളും ആക്രമണങ്ങളും നേരിട്ടു’; വികാരാധീനയായി നെതന്യാഹുവിന്റെ ഭാര്യ
സാറാ നെതന്യാഹു, ബെഞ്ചമിന്‍ നെതന്യാഹു
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രിയുടെ മക്കളായതിന്റെ പേരിൽ തന്റെ മക്കൾ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുവെന്ന് സാറാ നെതന്യാഹു. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് വാഷിങ്ടൺ ഡി.സിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സൈബർ ആക്രമണങ്ങളും ചർച്ച ചെയ്ത വേദിയിലാണ് തന്റെ കുടുംബം നേരിടുന്ന വ്യക്തിപരമായ പ്രയാസങ്ങൾ പങ്കുവെച്ച് സാറ വികാരാധീനയായത്.
രാഷ്ട്രീയ പോരാട്ടങ്ങളിൽ കുട്ടികളെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സാറാ നെതന്യാഹു പറഞ്ഞു. ‘പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒരൊറ്റ കാരണത്താൽ എന്റെ മക്കൾ ഓൺലൈനിൽ നിരന്തരം അപമാനിക്കപ്പെടുന്നു. അവരുടെ സ്വകാര്യതയും മാനസികാരോഗ്യവും തകർക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് അവരിലെ വിദ്യാർത്ഥിയെയും വ്യക്തിയെയും ഒരുപോലെ ബാധിക്കുന്നു,’ അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകൾ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ ലോകം ഉറപ്പാക്കാൻ രാജ്യങ്ങൾ കൈകോർക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. മെലാനിയ ട്രംപിന്റെ ‘ബി ബെസ്റ്റ്’ എന്ന കാംപയിനിനെ സാറാ നെതന്യാഹു പ്രശംസിച്ചു. കുട്ടികൾക്കെതിരായ സൈബർ വേട്ട ആഗോളതലത്തിൽ നേരിടേണ്ട ഭീഷണിയാണെന്നും ഇതിനായി അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിയമനിർമാണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
മെലാനിയ ട്രംപും സാറാ നെതന്യാഹുവും തമ്മിലുള്ള അടുത്ത സൗഹൃദം ഉച്ചകോടിയിൽ വീണ്ടും പ്രകടമായി. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി ലോകനേതാക്കളുടെ പത്‌നിമാർ ഒന്നിച്ചുനിൽക്കുന്നത് മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് മെലാനിയ ട്രംപ് പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്ത ഉച്ചകോടിയിൽ കുട്ടികളുടെ ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായി.