28/03/2026
[fontresizer_tawhidurrahmandear_widget]

സൗദിയിലെ യുഎസ് ബേസിൽ ഇറാൻ ആക്രമണത്തിൽ 3 യുദ്ധവിമാനങ്ങൾ കത്തിനശിച്ചു; 12 സൈനികർക്ക് പരിക്ക്‌

 സൗദിയിലെ യുഎസ് ബേസിൽ ഇറാൻ ആക്രമണത്തിൽ 3 യുദ്ധവിമാനങ്ങൾ കത്തിനശിച്ചു; 12 സൈനികർക്ക് പരിക്ക്‌

റിയാദ്: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കവെ, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാന്റെ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണം. സൗദിയിലെ അൽ-ഖർജിലുള്ള പ്രിൻസ് സുൽത്താൻ എയർബേസിനെ ലക്ഷ്യം വെച്ചുണ്ടായ ആക്രമണത്തിൽ അമേരിക്കയുടെ മൂന്ന് കെസി-135 റീഫ്യൂവലിങ് വിമാനങ്ങൾ പൂർണമായും കത്തിയമർന്നു. ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റതായും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ’ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഡിഫൻസ് സെക്യൂരിറ്റി ഏഷ്യ പുറത്തുവിട്ടു. റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന മൂന്ന് കൂറ്റൻ ടാങ്കർ വിമാനങ്ങൾ ഇറാന്റെ ചാവേർ ഡ്രോണുകൾ പതിച്ച് കത്തിയമരുന്നത് ചിത്രങ്ങളിൽ വ്യക്തമാണ്. യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന ഈ വിമാനങ്ങൾ തകർന്നതോടെ പശ്ചിമേഷ്യൻ ആകാശത്ത് അമേരിക്കൻ വ്യോമസേനയുടെ പകുതി കരുത്ത് ചോർന്നതായാണ് സൈനിക നിരീക്ഷകർ വിലയിരുത്തുന്നത്.

വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് താവളത്തിന് നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. അമേരിക്കയുടെ അത്യാധുനിക പാട്രിയറ്റ് പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചാണ് ഡ്രോണുകൾ താവളത്തിനകത്ത് പതിച്ചത്. താവളത്തിലെ താൽക്കാലിക താമസസ്ഥലങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ 12 സൈനികരെയും അടിയന്തര ചികിത്സയ്ക്കായി മാറ്റിയെന്ന് ’വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

വിമാനങ്ങൾക്ക് പുറമെ ഇന്ധന സംഭരണികളും വാർത്താവിനിമയ ടവറുകളും ഭാഗികമായി തകർന്നിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾക്ക് വലിയ നാശം സംഭവിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിലെ നാശനഷ്ടങ്ങളുടെ യഥാർത്ഥ വ്യാപ്തി ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ സുരക്ഷിതമല്ലെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം സംഭവിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്കൻ സൈനികർ താവളങ്ങൾ ഉപേക്ഷിച്ച് ഹോട്ടലുകളിലേക്ക് മാറുന്നുണ്ടെങ്കിലും, താവളങ്ങളിലെ സാങ്കേതിക വിഭാഗം ഇപ്പോഴും ആക്രമണ പരിധിയിലാണ്. ഇന്ധന വിമാനങ്ങൾ ലക്ഷ്യം വെക്കുന്നതിലൂടെ അമേരിക്കയുടെ ആകാശ പ്രതിരോധത്തെ നിശ്ചലമാക്കുകയാണ് ഇറാന്റെ തന്ത്രം.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന കരാറിനായി തിരക്കുപിടിച്ച നീക്കങ്ങൾ നടത്തുന്നതിനിടെ ഉണ്ടായ ആക്രമണം, യുദ്ധം നിർത്താൻ ട്രംപിന് മേൽ കൂടുതൽ സമ്മർദം ചെലുത്തിയേക്കും.

Also read: