ഗസ്സയിൽ സൗദി അറേബ്യയുടെ ‘സെൻട്രൽ കിച്ചൺ’: പ്രതിദിനം 24,000 പേർക്ക് ഭക്ഷണം
റിയാദ്: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് കൈത്താങ്ങുമായി സൗദി അറേബ്യ. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെഎസ്റിലീഫ്) നേതൃത്വത്തിൽ ഗസ്സ മുനമ്പിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ‘സെൻട്രൽ കിച്ചൺ’ സ്ഥാപിച്ചു. റമദാൻ ആരംഭം മുതൽ മധ്യ ഗസ്സയിലെ ദെയ്റുൽ-ബലാഹ്, അൽ-ഖരാര എന്നിവിടങ്ങളിലായി പ്രതിദിനം 24,000 പേർക്ക് ചൂടുള്ള ഭക്ഷണം ഈ അടുക്കള വഴി വിതരണം ചെയ്യുന്നുണ്ട്.
സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ആകെ 36 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏകദേശം 36,000-ത്തിലധികം കുടുംബങ്ങൾക്ക് ഗുണഫലം ലഭിക്കും. ഭക്ഷണ വിതരണത്തിന് പുറമെ, പ്രാദേശികരായ 40 പേർക്ക് തൊഴിൽ നൽകാനും സംരംഭത്തിലൂടെ സാധിക്കുന്നുണ്ട്.
ഗസ്സയിലെ മാനുഷിക പ്രതിസന്ധി ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് കെ.എസ്.റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുള്ള അൽ-റബീഹ പറഞ്ഞു. ഗസ്സയിലെ 90 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും ഭക്ഷണവും മരുന്നും ഇല്ലാതെ ജനങ്ങൾ വലയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ഒക്ടോബറിന് ശേഷം വ്യോമ-കടൽ-കര മാർഗ്ഗങ്ങളിലൂടെ ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിൽ സൗദി അറേബ്യ മുൻപന്തിയിലുണ്ട്. ജോർദാൻ, ഈജിപ്ഷ്യൻ അതിർത്തികൾ വഴി 80-ലധികം വിമാനങ്ങളും ഡസൻ കണക്കിന് കപ്പലുകളും ഇതിനകം ഗസ്സയിലേക്ക് സഹായമെത്തിച്ചു. മറ്റ് മാർഗങ്ങൾ തടസ്സപ്പെട്ട ഘട്ടങ്ങളിൽ എയർഡ്രോപ്പുകൾ വഴിയും കെ.എസ്.റിലീഫ് സഹായം എത്തിച്ചിരുന്നു. ഫലസ്തീനികൾക്കായി നടത്തുന്ന സൗദി പോപ്പുലർ കാമ്പെയ്നിന്റെ ഭാഗമായാണ് നിലവിലെ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.