ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം; അമേരിക്കയെ പിന്തിരിപ്പിക്കാൻ ‘സാമ്പത്തിക യുദ്ധ’ തന്ത്രവുമായി ഇറാൻ
തെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ, ഗൾഫ് മേഖലയെയാകെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഇറാന്റെ പ്രത്യാക്രമണം. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒമ്പതോളം ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നിർണ്ണായക സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.
ലക്ഷ്യം സാമ്പത്തിക തളർച്ച
നേരിട്ടുള്ള സൈനിക യുദ്ധത്തേക്കാൾ ഉപരിയായി, ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകർക്കുക എന്ന തന്ത്രമാണ് ഇറാൻ പയറ്റുന്നത്. കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ടതോടെ വ്യാപാര-നിക്ഷേപ മേഖലകളിൽ വൻ ഇടിവുണ്ടായി. സൗദിയിലെ റാസ് തനുര റിഫൈനറിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണവും ഒമാൻ തീരത്തെ ടാങ്കർ ആക്രമണവും ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നതിലൂടെ, യുദ്ധത്തിൽ നിന്ന് പിന്മാറാൻ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ കൂട്ടായ പ്രതിരോധത്തിന് തയ്യാറാണെന്ന് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ അതീവ ഗുരുതരമായ യുദ്ധമുനമ്പിലായിരിക്കുകയാണ്.