‘ലബ്ബൈക്ക’യുടെ മന്ത്രധ്വനികളിൽ ലയിച്ച് മിനാ താഴ്‌വര; ഹജ്ജ് കർമങ്ങൾക്ക് ഭക്തിനിർഭര തുടക്കം
മക്ക: ദൈവത്തിന്റെ വിളികേട്ട് ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ മിനായിലെ ‘കൂടാരങ്ങളുടെ നഗരമായ’ മിനായിൽ തമ്പടിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ദുൽഹിജ്ജ എട്ടിന് യൗമുത്തർവിയയിൽ(വെള്ളം സംഭരിക്കുന്ന ദിവസം) തീർഥാടകർ ഇഹ്‌റാം വസ്ത്രം ധരിച്ച് പ്രാർഥനാമന്ത്രങ്ങളോടെ മിനായിലേക്ക് എത്തിച്ചേർന്നു. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ചടങ്ങിൽ 20 ലക്ഷത്തോളം പേർ പങ്കെടുക്കും.
‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്'(നാഥാ, നിന്റെ വിളിക്കുത്തരം നൽകി ഞങ്ങളിതാ എത്തിയിരിക്കുന്നു) എന്ന ‘തൽബിയത്ത്’ മന്ത്രങ്ങളാൽ മിനാ താഴ്വര പൂർണമായും പ്രാർഥനാമുഖരിതമാണ്. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വൈകുന്നേരം വരെ വിവിധ മുത്വവ്വിഫ് ഓഫീസുകൾക്ക് കീഴിലുള്ള ബസുകളിലും കാൽനടയായും മശായിർ മെട്രോ ട്രെയിനുകളിലുമായി തീർഥാടകർ മിനായിലേക്ക് പ്രവഹിക്കുകയായിരുന്നു. ഒന്നേമുക്കാൽ ലക്ഷത്തോളം ഇന്ത്യൻ തീർഥാടകരും ഇതിനകം മിനയിലെ തമ്പുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിൽനിന്നുള്ള 13,194 പേരും ഉൾപ്പെടും.
തീർഥാടകരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി വിപുലമായ ക്രമീകരണങ്ങളാണ് സൗദി അറേബ്യൻ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. മിനായിൽ അത്യാധുനിക എയർകണ്ടീഷൻ സംവിധാനങ്ങളും അഗ്‌നിപ്രതിരോധ ശേഷിയുമുള്ള ഒരു ലക്ഷത്തിലധികം സ്ഥിരം കൂടാരങ്ങളാണ് തീർഥാടകർക്കായി സജ്ജമാക്കിയിട്ടുള്ളത്. ഹജ്ജ് വേളയിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെയും മെട്രോ സ്റ്റേഷനുകളിലേക്കുമുള്ള നടപ്പാതകളിൽ തണൽകുടകളും തണുത്ത കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സിവിൽ ഡിഫൻസ് വിഭാഗവും പൂർണസജ്ജരാണ്.
തീർഥാടകർക്ക് മികച്ച ആരോഗ്യ പരിപാലനം ഉറപ്പാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ ഹജ്ജ് സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 21 ലക്ഷത്തിലധികം പേർക്ക് മന്ത്രാലയം വിവിധ ആരോഗ്യ സേവനങ്ങൾ നൽകിക്കഴിഞ്ഞു. ഇതിൽ 148 ശസ്ത്രക്രിയകളും, 14,600 എമർജൻസി കേസുകളും ഉൾപ്പെടുന്നു. കൂടാതെ 2,150 തീർഥാടകരെ ആശുപത്രികളിൽ കിടത്തി ചികിത്സിക്കുകയും ചെയ്തു.
ഇന്നു രാത്രി മുതൽ തീർഥാടകർ അറഫാ സംഗമത്തിനായി അറഫാ മൈതാനത്തേക്ക് നീങ്ങിത്തുടങ്ങും. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുൻപായി മുഴുവൻ ഹാജിമാരും അറഫയിലെത്തും. അവിടെ സൂര്യാസ്തമയം വരെ പാപമോചന പ്രാർഥനകളിലും പ്രാർഥനാനിർഭരമായ ആരാധനകളിലും മുഴുകും.
അറഫയിലെ പ്രാർഥനകൾക്ക് ശേഷം തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ മഗ്രിബ്, ഇശാ നമസ്‌കാരങ്ങൾ ഒന്നിച്ച് നിർവഹിച്ച ശേഷം രാത്രി പാർക്കും. തുടർന്ന് ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ച് അവർ വീണ്ടും മിനായിലേക്ക് തിരികെ എത്തും. തുടർന്ന് വരുന്ന ദിവസങ്ങളിൽ കല്ലേറ് കർമം, ബലികർമം, തലമുടി മുറിക്കൽ, മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിർവഹിക്കൽ തുടങ്ങിയ തിരക്കേറിയ കർമങ്ങളിലേക്ക് തീർഥാടകർ പ്രവേശിക്കും. ദുൽഹിജ്ജ 13 വരെ തീർഥാടകർ മിനായിലെ തമ്പുകളിലാണ് താമസിക്കുക.