സൗദിയിലേക്ക് 16 യുദ്ധവിമാനങ്ങളും 8,000 സൈനികരെയും അയച്ച് പാകിസ്ഥാൻ
ഇസ്ലാമാബാദ്/റിയാദ്: അമേരിക്കയും ഇസ്രയേലും ഇറാനുമായി നടത്തുന്ന യുദ്ധം പശ്ചിമേഷ്യയെ അസ്ഥിരതയിലേക്ക് തള്ളിവിട്ടതോടെ, സ്വന്തം സുരക്ഷയ്ക്കായി അമേരിക്കയെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങൾ. ഇതിന്റെ ഭാഗമായി സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി വൻ സൈനിക സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ് പാകിസ്ഥാൻ. തങ്ങളുടെ അത്യാധുനിക ജെഎഫ്-17 യുദ്ധവിമാനങ്ങളുടെ ഒരു പൂർണ സ്‌ക്വാഡ്രനും (16 ജെറ്റുകൾ), രണ്ട് ഡ്രോൺ സ്‌ക്വാഡ്രനുകളും, ചൈനീസ് നിർമിത എച്ച്ക്യു-9 വ്യോമപ്രതിരോധ സംവിധാനവുമാണ് സൗദിയിലേക്ക് അയച്ചിരിക്കുന്നത്. ഇതോടൊപ്പം എണ്ണായിരത്തോളം പാക് കമാൻഡോകളെയുമാണ് റിയാദിൽ വിന്യസിച്ചതായി ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുള്ള കിങ് അബ്ദുൽ അസീസ് എയർ ബേസിലാണു വമ്പൻ സൈനിക വ്യൂഹത്തെ വിന്യസിച്ചിരിക്കുന്നത്. പൂർണമായും സൗദിയുടെ സാമ്പത്തിക ചെലവിൽ പ്രവർത്തിക്കുന്ന ഈ സൈനിക നീക്കം, 2025 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാറിന്റെ ഭാഗമാണ്.
യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന ബോധ്യം ഗൾഫ് രാജ്യങ്ങൾക്കുണ്ട്. അമേരിക്കൻ ചർച്ചകൾ ഇറാന്റെ ആണവ പദ്ധതിയിൽ മാത്രം ഒതുങ്ങുമ്പോൾ, തങ്ങളെ നിരന്തരം ഭയപ്പെടുത്തുന്ന ഇറാന്റെ മിസൈൽ-ഡ്രോൺ കരുത്തിനെ നേരിടാൻ അറബ് രാജ്യങ്ങൾ സ്വന്തം കൂട്ടായ്മ രൂപീകരിക്കുകയാണ്. യുദ്ധം കഴിഞ്ഞ് അമേരിക്കൻ സൈന്യം മേഖല വിടുമ്പോൾ കൂടുതൽ അപകടകാരിയായ ഒരു ഇറാനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഗൾഫ് രാജ്യങ്ങൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയെ പൂർണമായും വിട്ടുപിടിച്ച് ഒരു പ്രാദേശിക പ്രതിരോധ സഖ്യം കെട്ടിപ്പടുക്കാൻ സൗദി മുൻകൈയെടുക്കുന്നത്.
സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേരുന്ന ഒരു പുതിയ അച്ചുതണ്ടാണ് പശ്ചിമേഷ്യയിൽ രൂപപ്പെടുന്നത്. ഈ സഖ്യത്തിലേക്ക് ഖത്തറിനെയും തുർക്കിയെയും കൂടി ഔദ്യോഗികമായി ഉൾപ്പെടുത്തിക്കൊണ്ട് വിദേശ ശക്തികളെ ആശ്രയിക്കുന്നത് പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ സാമ്പത്തിക-പ്രതിരോധ സഖ്യത്തിനാണ് പാകിസ്ഥാൻ ഇപ്പോൾ രൂപരേഖ തയ്യാറാക്കുന്നത്.
ഒരു വശത്ത് പ്രതിരോധം ശക്തമാക്കുമ്പോൾ തന്നെ, മറുവശത്ത് ഇറാനുമായി യുദ്ധരഹിത-സമാധാന ഉടമ്പടി ഒപ്പുവെക്കാനും സൗദി അറേബ്യ സമാന്തര നീക്കങ്ങൾ നടത്തുന്നുണ്ട്. ശീതയുദ്ധകാലത്ത് യൂറോപ്പിലെ സംഘർഷങ്ങൾ ലഘൂകരിച്ച ‘ഹെൽസിങ്കി പ്രക്രിയ’ മാതൃകയാക്കി ഇറാനുമായി ഒരു ആക്രമണരഹിത കരാറിലെത്താനാണ് റിയാദ് ശ്രമിക്കുന്നത്. ഈ നയതന്ത്ര നീക്കങ്ങളിൽ പ്രധാന മധ്യസ്ഥനായി പ്രവർത്തിക്കുന്നതും പാകിസ്ഥാനാണ്.
എന്നാൽ, യുദ്ധകാലത്ത് ഇറാനോട് കടുത്ത നിലപാട് സ്വീകരിക്കുകയും യുദ്ധാനന്തരം ഇസ്രയേലുമായി കൂടുതൽ അടുക്കാൻ താൽപര്യപ്പെടുകയും ചെയ്യുന്ന യുഎഇ ഈ പുതിയ പ്രാദേശിക സഖ്യത്തോടും സമാധാന ഉടമ്പടിയോടും എങ്ങനെ പ്രതികരിക്കുമെന്നത് നയതന്ത്ര വൃത്തങ്ങളിൽ ചോദ്യമുയർത്തുന്നുണ്ട്. എങ്കിലും, അമേരിക്കയെയും ഇസ്രയേലിനെയും മാറ്റിനിർത്തി പശ്ചിമേഷ്യയുടെ ഭാവിയും സുരക്ഷയും സ്വന്തം കൈകളിൽ ഭദ്രമാക്കാനുള്ള അറബ് രാജ്യങ്ങളുടെ ശക്തമായ ചുവടുവെപ്പാണ് പാകിസ്ഥാന്റെ ഈ വൻ സൈനിക വിന്യാസത്തിലൂടെ വ്യക്തമാകുന്നത്.