28/03/2026
[fontresizer_tawhidurrahmandear_widget]

അയേൺ ഡോം രഹസ്യങ്ങൾ ചോർത്തി സൈനികൻ: എയർ ഡിഫൻസ് ഓപറേറ്റർക്കെതിരെ നടപടിയുമായി ഐഡിഎഫ്‌

 അയേൺ ഡോം രഹസ്യങ്ങൾ ചോർത്തി സൈനികൻ: എയർ ഡിഫൻസ് ഓപറേറ്റർക്കെതിരെ നടപടിയുമായി ഐഡിഎഫ്‌

തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം മൂർച്ഛിക്കുന്നതിനിടെ, ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ഉള്ളറകളിൽ ഇറാൻ ചാരപ്രവർത്തനം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമ പ്രതിരോധ സംവിധാനം ‘അയേൺ ഡോമി’ന്റെ അതീവ രഹസ്യങ്ങൾ ഇറാനു ചോർത്തി നൽകിയെന്ന കുറ്റത്തിന് ഇസ്രയേൽ റിസർവിസ്റ്റ് സൈനികനെ അധികൃതർ അറസ്റ്റ് ചെയ്തു. റാസ് കോഹൻ എന്ന സൈനികനെതിരെയാണ് ഇസ്രയേൽ സുരക്ഷാ ഏജൻസികൾ നടപടി സ്വീകരിച്ചത്.

ഇറാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് റാസ് കോഹനെതിരെ കുറ്റപത്രം സമർപ്പിച്ചതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു. അയേൺ ഡോം യൂണിറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന ഇയാൾ, ഈ സംവിധാനത്തിന്റെ പ്രവർത്തന രീതികൾ, ബാറ്ററികളുടെ സ്ഥാനം, റഡാർ വിവരങ്ങൾ എന്നിവ ഇറാൻ ഏജന്റുകൾക്ക് കൈമാറിയെന്നാണ് പ്രധാന ആരോപണം. ഇസ്രയേലിന്റെ ആകാശകവചമായ അയേൺ ഡോമിനെ തകർക്കാൻ ഇറാൻ വർഷങ്ങളായി ശ്രമിക്കുന്നതിനിടെയാണ് സൈന്യത്തിനുള്ളിൽ നിന്ന് തന്നെ ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്.

ഇറാൻ ഇന്റലിജൻസ് ഏജന്റുകൾ സോഷ്യൽ മീഡിയ വഴിയാണ് സൈനികനെ ബന്ധപ്പെട്ടതെന്നാണ് ഹീബ്രു മാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്യുന്നത്. പണം വാഗ്ദാനം ചെയ്തും മറ്റും ഇയാളെ വശത്താക്കുകയായിരുന്നു. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ലൊക്കേഷനുകളും അയച്ചുകൊടുക്കാൻ ഇയാൾക്ക് നിർദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ ഇറാന്റെ ചാരവലയത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനും ഇസ്രയേലും തമ്മിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, അയേൺ ഡോം ഓപറേറ്റർ തന്നെ ചാരപ്രവർത്തനത്തിന് പിടിയിലായത് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇറാന്റെ പക്കൽനിന്ന് ഇസ്രയേലിനെ സംരക്ഷിക്കുന്ന പ്രധാന കവചമാണ് അയേൺ ഡോം. ഇതിന്റെ രഹസ്യങ്ങൾ ചോർന്നത് ഇറാന് മിസൈൽ ആക്രമണങ്ങൾ കൂടുതൽ കൃത്യമായി നടത്താൻ സഹായകമായേക്കുമെന്ന് ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെത്തുടർന്ന് ഇസ്രയേൽ സൈന്യത്തിനുള്ളിൽ കർശനമായ പരിശോധനകൾ ആരംഭിച്ചു. സൈനികരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിലും വിദേശബന്ധങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. രാജ്യദ്രോഹം, ചാരപ്രവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് റാസ് കോഹനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് കഠിനതടവ് അനുഭവിക്കേണ്ടി വരും.
തെഹ്റാനും തെൽ അവിവും തമ്മിലുള്ള സംഘർഷം സൈബർ യുദ്ധത്തിലേക്കും ചാരപ്രവർത്തനങ്ങളിലേക്കും പടരുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സൈനിക ഇന്റലിജൻസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

Also read: