‘എന്നെ പരമോന്നത നേതാവാക്കാൻ ഇറാൻ താൽപര്യം പറഞ്ഞു, ഞാൻ നന്ദിപൂർവ്വം നിരസിച്ചു’: വിചിത്ര വാദവുമായി ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ വിചിത്ര വാദങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം തന്നെ അവരുടെ പരമോന്നത നേതാവാക്കാൻ വാഗ്ദാനം നൽകിയെന്നും എന്നാൽ താൻ അത് നന്ദിപൂർവ്വം നിരസിച്ചുവെന്നുമാണ് ട്രംപിന്റെ പുതിയ അവകാശവാദം. “ഞാൻ പറഞ്ഞു, അതു വേണ്ട, നന്ദി” എന്നായിരുന്നുവത്രെ ട്രംപിന്റെ പ്രതികരണം.
ഇറാൻ നേതൃത്വം ചർച്ചകൾക്കായി അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പുറത്തുപറയാൻ അവർക്ക് മടിയാണെന്ന് ട്രംപ് പരിഹസിച്ചു. “ഞാൻ നിങ്ങളോട് പറയുന്നു, പശ്ചിമേഷ്യയിൽ ഇറാനെതിരെ നമ്മൾ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. അവർ ചർച്ചകൾ നടത്തുന്നുണ്ട്. ഒരു കരാറിനായി അവർക്ക് വലിയ ആഗ്രഹമുണ്ട്. എന്നാൽ, സ്വന്തം ജനതയോ അല്ലെങ്കിൽ നമ്മളോ (അമേരിക്ക) തങ്ങളെ വധിക്കുമെന്ന് ഭയന്നാണ് അവർ അത് സമ്മതിക്കാത്തത്,” ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും നിർത്തലാക്കുക, ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് ട്രംപിന്റെ സമാധാന കരാറിലുള്ളത്.
ട്രംപിന്റെ പുതിയ പുതിയ അവകാശവാദങ്ങളെ ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് വക്താവ് ഇബ്രാഹിം ദുൽഫുഖാരി സ്റ്റേറ്റ് ടെലിവിഷനിലൂടെ പരിഹസിച്ചു. “നിങ്ങളുടെ ആഭ്യന്തര സംഘർഷം നിങ്ങളെക്കൊണ്ട് തന്നെ (ട്രംപ്) ചർച്ചകൾ നടത്തിക്കുന്ന ഘട്ടത്തിലേക്ക് എത്തിയോ? ഞങ്ങൾ എപ്പോഴും പറയുന്നതുപോലെ, ഞങ്ങളെപ്പോലെയുള്ള ആരും നിങ്ങളുമായി ഒരു കരാറിലും ഏർപ്പെടില്ല. ഇപ്പോഴുമില്ല, ഇനിയൊരിക്കലുമില്ല,” ദുൽഫുഖാരി പറഞ്ഞു.
അമേരിക്കയുടെ നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ, പകരം അഞ്ച് ഇനങ്ങളടങ്ങിയ ഒരു ബദൽ പദ്ധതി മുന്നോട്ടുവെച്ചതായി ഇറാന്റെ ‘ഫാർസ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിക്കണമെങ്കിൽ അത് ഇറാന്റെ നിബന്ധനകൾക്ക് അനുസൃതമായിരിക്കണമെന്നും തങ്ങൾ ആരുടെയും സമ്മർദത്തിന് വഴങ്ങില്ലെന്നും ഇറാൻ നേതൃത്വം വ്യക്തമാക്കി.
നേതൃത്വമില്ലാത്ത ഇറാൻ പതറിക്കഴിഞ്ഞുവെന്നും വൈകാതെ അവർ പൂർണമായും കീഴടങ്ങുമെന്നുമാണ് ട്രംപിന്റെ പ്രവചനം. എന്നാൽ യുദ്ധക്കളത്തിൽ അമേരിക്കൻ വിമാനങ്ങളെ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ പ്രത്യാക്രമണം കടുപ്പിക്കുകയാണ്.