അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് ട്രംപിൻ്റെ കഴുത്തിന് പിന്നിലെ പഴുത്ത വ്രണം; സ്കിൻ കെയർ ക്രീം കാരണം ഉണ്ടായ പരിക്കെന്ന് വൈറ്റ് ഹൗസ്
വാഷിംങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം നടന്ന മെഡൽ ഓഫ് ഓണർ ചടങ്ങിനിടെ ട്രംപിന്റെ കഴുത്തിൽ ചുവന്ന തടിപ്പുകൾ കണ്ടതാണ് പുതിയ ഊഹാപോഹങ്ങൾക്ക് കാരണമായത്. എന്നാൽ, ഇത് ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന ‘പ്രതിരോധ ചികിത്സ’ (Preventative Skin Treatment) മൂലമാണെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.
പ്രസിഡന്റ് ഒരു പ്രത്യേക ക്രീം ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ഫലമായാണ് പാടുകൾ ഉണ്ടായതെന്നും അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർ ഷോൺ ബാർബറെല്ല അറിയിച്ചു. എന്നാൽ ചികിത്സയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ചുവപ്പ് നിറം കുറച്ച് ആഴ്ചകൾ കൂടി തുടരാൻ സാധ്യതയുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
അടുത്ത കാലത്തായി ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. കൈകളിലെ ചതവുകൾ, കാലുകളിലെ വീക്കം, ഔദ്യോഗിക യോഗങ്ങൾക്കിടയിലെ ഉറക്കം തൂങ്ങൽ എന്നിവയെല്ലാം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. രക്തം നേർപ്പിക്കാനായി ഡോക്ടർമാർ നിർദ്ദേശിച്ചതിലും കൂടുതൽ ആസ്പിരിൻ താൻ കഴിക്കാറുണ്ടെന്ന് ജനുവരിയിൽ ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ ആരോഗ്യസ്ഥിതി പൂർണ്ണ തൃപ്തികരമാണെന്ന് അദ്ദേഹം ആവർത്തിക്കുമ്പോഴും, വൈറ്റ് ഹൗസ് പുറത്തുവിടുന്ന വിശദീകരണങ്ങൾ പലപ്പോഴും അവ്യക്തമാണെന്ന വിമർശനം ശക്തമാണ്.