‘ഇസ്രയേലിനെ തൊട്ടാൽ ഉഗാണ്ട യുദ്ധത്തിനിറങ്ങും; രണ്ടാഴ്ച കൊണ്ട് തെഹ്‌റാൻ കീഴടക്കും’; മുന്നറിയിപ്പുമായി സൈനിക മേധാവി
കംപാല: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉഗാണ്ട. സൈനിക മേധാവി ജനറൽ മുഹൂസി കൈനെറുഗബയാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനും രാജ്യത്തെ നിർണ്ണായക ശക്തിയുമായ കൈനെറുഗബ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിനെ നശിപ്പിക്കാനുള്ള ഏതൊരു നീക്കവും ഉഗാണ്ടയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും തങ്ങൾ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ പ്രസ്താവനകളിൽ, ഇറാന് കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കണമെന്നാണ് ലോകം ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇസ്രയേലിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്താൽ ഉഗാണ്ട അടങ്ങിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “പശ്ചിമേഷ്യയിലെ യുദ്ധം ഇപ്പോൾ അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകം അതിൽ മടുത്തിരിക്കുന്നു. എന്നാൽ, ഇസ്രയേലിനെ നശിപ്പിക്കുന്നതിനെക്കുറിച്ചോ തോൽപ്പിക്കുന്നതിനെക്കുറിച്ചോ ഉള്ള ഏതൊരു സംസാരവും ഞങ്ങളെ യുദ്ധത്തിലേക്ക് കൊണ്ടുവരും. അത് ഇസ്രയേലിന്റെ പക്ഷത്തായിരിക്കും! ഇസ്രയേലിന് സഹായം ആവശ്യമുണ്ടെങ്കിൽ ചോദിച്ചാൽ മാത്രം മതി. അവരുടെ ഉഗാണ്ടൻ സഹോദരങ്ങൾ സഹായിക്കാൻ തയ്യാറാണ്,” ജനറൽ കുറിച്ചു.
ഇറാനെ ‘ഗോലിയാത്ത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഉഗാണ്ടയെ ലോകം അവഗണിച്ച ‘ദാവീദ്’ എന്നാണ് അടയാളപ്പെടുത്തിയത്. ബൈബിളിലെ പഴയനിയമത്തിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഇറാനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. “നമ്മുടെ പിതാവായ ദാവീദ് രാജാവ് ഗോലിയാത്തിനോട് പറഞ്ഞതുപോലെ ഞങ്ങൾ ഇറാനോട് പറയുന്നു: നിങ്ങൾ വാളും കുന്തവും വേലുമായി എനിക്കെതിരെ വരുന്നു. എന്നാൽ നിങ്ങൾ വെല്ലുവിളിച്ച ഇസ്രയേൽ സൈന്യത്തിന്റെ ദൈവമായ സർവശക്തനായ ദൈവത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്കെതിരെ വരുന്നു.”-ആവർത്തനപുസ്തകം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇസ്രയേലിനോടുള്ള മതപരമായ ഐക്യദാർഢ്യം ഊന്നിപ്പറഞ്ഞു.
“ഞങ്ങൾ ക്രിസ്ത്യാനികളായതുകൊണ്ടാണ് ഇസ്രയേലിനൊപ്പം നിൽക്കുന്നത്. ദൈവത്തിന്റെ പരിശുദ്ധ പുത്രനായ യേശുക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ടവരാണ് ഞങ്ങൾ. പാപങ്ങൾ ക്ഷമിക്കാൻ കഴിയുന്ന ഏകൻ യേശുക്രിസ്തു മാത്രമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികപരമായ അവകാശവാദങ്ങളിലും ജനറൽ ഒട്ടും പിന്നിലല്ല. വ്യോമാക്രമണങ്ങളെ മാത്രം ആശ്രയിക്കുന്ന രീതിയെ വിമർശിച്ച അദ്ദേഹം, ആവശ്യമെങ്കിൽ ഉഗാണ്ടൻ സൈന്യം ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നേരിട്ടെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ അത് പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ടു. 1980-കളിലും 90-കളിലും ഉഗാണ്ടയെ ഇസ്രയേൽ സഹായിച്ച ചരിത്രം അദ്ദേഹം അനുസ്മരിച്ചു. ഉഗാണ്ടയുടെ സാമ്പത്തിക വളർച്ചയും (100 ബില്യൺ ഡോളർ ജിഡിപി) ആഫ്രിക്കയിലെ വലിയ സൈനിക ശക്തി എന്ന നിലയിലുള്ള സ്വാധീനവും ഇസ്രയേലിന് വേണ്ടി ഉപയോഗിക്കാൻ തങ്ങൾ കടപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.