28/03/2026
[fontresizer_tawhidurrahmandear_widget]

മന്ത്രിപത്‌നിക്ക് സർക്കാർ വക വഴിവിട്ട കരാർ; ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം, മിൽമയുമായും കേരഫെഡുമായും ലക്ഷങ്ങളുടെ ഇടപാട്

 മന്ത്രിപത്‌നിക്ക് സർക്കാർ വക വഴിവിട്ട കരാർ; ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം,  മിൽമയുമായും കേരഫെഡുമായും ലക്ഷങ്ങളുടെ ഇടപാട്

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പത്നി ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വഴിവിട്ട രീതിയിൽ സർക്കാർ കരാറുകൾ ലഭിച്ചെന്ന ആരോപണം ശക്തമാകുന്നു. 2023-ൽ ഗണേഷ് കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമാണ് ‘മിഡ്‌നൈറ്റ് സൺ ഗ്ലോബൽ’ എന്ന കമ്പനിക്ക് വിവിധ സർക്കാർ ഓർഡറുകൾ ലഭിച്ചുതുടങ്ങിയതെന്ന് ജിഎസ്ടി രേഖകൾ വ്യക്തമാക്കുന്നു.

2019-ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയാണെങ്കിലും, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ഉൾപ്പെടുത്തിയിരുന്നില്ല. ബൈയിലെ കമ്പനികളെക്കുറിച്ച് വിവരങ്ങൾ നൽകിയെങ്കിലും കേരളത്തിലെ സ്ഥാപനത്തെക്കുറിച്ച് സത്യവാങ്മൂലത്തിൽ പരാമർശിക്കാത്തത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. നിലവിൽ കേരഫെഡ്, മിൽമ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ബിന്ദു മേനോന്റെ കമ്പനി നടത്തിയിരിക്കുന്നത്.

ജിഎസ്ടി രേഖകൾ പ്രകാരം, 2025 ജനുവരിയിൽ കേരഫെഡിൽ നിന്ന് 13.92 ലക്ഷം രൂപയുടെ വെളിച്ചെണ്ണ ഈ കമ്പനി വാങ്ങിയിട്ടുണ്ട്. കൂടാതെ ജനുവരി, മാർച്ച് മാസങ്ങളിലായി മിൽമയുമായി 43.98 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. കൃഷിവകുപ്പിന് ചെടിച്ചട്ടികൾ നൽകാനുള്ള കരാറിനായും കമ്പനി ശ്രമിച്ചിരുന്നു. മന്ത്രിയുടെ പദവി ദുരുപയോഗം ചെയ്താണ് ഇത്തരം കരാറുകൾ സ്വന്തമാക്കിയതെന്ന ആരോപണം സർക്കാരിനും മന്ത്രിക്കും ഒരുപോലെ രാഷ്ട്രീയ വെല്ലുവിളിയായിരിക്കുകയാണ്.

Also read: