29/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ ‘പറക്കും റഡാർ’ തകർത്ത് ഇറാൻ; കത്തിയമർന്നത് 4,000 കോടിയുടെ ചാരവിമാനം

 അമേരിക്കയുടെ ‘പറക്കും റഡാർ’ തകർത്ത് ഇറാൻ; കത്തിയമർന്നത് 4,000 കോടിയുടെ ചാരവിമാനം

ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന യുഎസ് യുദ്ധവിമാനം

റിയാദ്: പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന് കനത്ത തിരിച്ചടി. സൗദി അറേബ്യയിലെ റിയാദിന് സമീപമുള്ള പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങളിലൊന്നായ ഇ-3 സെൻട്രി (AWACS) തകർന്നു. ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ ഈ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ വ്യോമസേനയുടെ ‘പറക്കുന്ന റഡാർ’ എന്നാണ് ഇ-3 സെൻട്രി അറിയപ്പെടുന്നത്. ഏകദേശം 270 ദശലക്ഷം മുതൽ 500 ദശലക്ഷം ഡോളർ വരെ വിലമതിക്കുന്നതാണ് ഒരു ഇ-3 സെൻട്രി വിമാനം. 1970-കൾ മുതൽ അമേരിക്കൻ സൈന്യത്തിന്റെ കരുത്തായ ഈ വിമാനം, യുദ്ധവിമാനങ്ങളെ നിയന്ത്രിക്കാനും ശത്രുനീക്കങ്ങൾ നേരത്തെ തിരിച്ചറിയാനും അത്യാവശ്യമാണ്.

നിലവിൽ ഈ വിമാനങ്ങൾക്ക് പകരം വരാനിരിക്കുന്ന ഇ-7 വെഡ്ജ്‌ടെയിൽ വിമാനങ്ങൾക്ക് ഒന്നിന് 700 ദശലക്ഷം ഡോളറിലധികം ചിലവ് വരും. അതുകൊണ്ട് തന്നെ നിലവിലുള്ള ഒരു വിമാനം നഷ്ടപ്പെടുന്നത് അമേരിക്കയുടെ നിരീക്ഷണ ശേഷിയെ സാരമായി ബാധിക്കും. വിമാനത്തിന്റെ തകർന്ന നിലയിലുള്ള ഉപഗ്രഹ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണ വിമാനത്തിന് പുറമെ, യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന നിരവധി റീഫ്യൂവലിംഗ് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇറാന്റെ 99 ശതമാനം മിസൈലുകളും തകർത്തുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനേറ്റ വലിയ തിരിച്ചടിയാണിത്. യുദ്ധത്തിന്റെ പുതിയ ഗതി ഇറാന്റെ സൈനിക ശേഷി പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഈ ആക്രമണം തെളിയിക്കുന്നു.

കഴിഞ്ഞ ആഴ്ചകളിൽ മാത്രം ഇതേ താവളത്തിന് നേരെ മൂന്ന് തവണ ഇറാൻ ആക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ കണ്ണായ നിരീക്ഷണ സംവിധാനങ്ങൾ തകർത്തതിലൂടെ യുദ്ധത്തിന്റെ ഗതി മാറ്റാനാണ് ഇറാൻ ശ്രമിക്കുന്നത്. സൗദി അറേബ്യയിലെ താവളങ്ങൾ സുരക്ഷിതമല്ലെന്ന സന്ദേശം കൂടിയാണ് ഈ ആക്രമണം നൽകുന്നത്. 

Also read: