റെഡിമെയ്ഡ് ബങ്കറുകൾക്കായി ടെൻഡർ ക്ഷണിച്ച് പെന്റഗൺ; പശ്ചിമേഷ്യയിലെ സൈനികരെ രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ചാവേർ ഡ്രോണുകളും വർഷിക്കുമ്പോൾ, സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി തുടങ്ങി പെന്റഗൺ. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ താവളങ്ങളിൽ സ്ഥാപിക്കാനായി കോൺക്രീറ്റ് ബങ്കറുകൾ വാങ്ങാൻ അമേരിക്കൻ സർക്കാർ ഔദ്യോഗിക കരാർ ക്ഷണിച്ചു. മേഖലയിലുടനീളമുള്ള തന്ത്രപ്രധാന യുഎസ് താവളങ്ങളിൽ സ്ഥാപിക്കുന്നതിനായി നൂറുകണക്കിന് ‘റെഡിമെയ്ഡ്’ ബങ്കറുകളാണ് പെന്റഗൺ വാങ്ങുന്നത്.
അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക കരാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളിലേക്കാണ് ഈ ബങ്കറുകൾ പ്രധാനമായും എത്തിക്കുന്നത്. സ്‌ഫോടനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള ‘പ്രീ-കാസ്റ്റ്’ കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച ബങ്കറുകളാണ് പെന്റഗൺ അന്വേഷിക്കുന്നത്. ഒരേസമയം 10 മുതൽ 20 വരെ സൈനികർക്ക് ഉള്ളിൽ കഴിയാൻ സാധിക്കുന്ന സുരക്ഷിത ഷെൽട്ടറുകളാണിവ. നിലവിലുള്ള താവളങ്ങളിൽ ബങ്കറുകളുടെ കുറവുണ്ടെന്ന തിരിച്ചറിവിനെത്തുടർന്നാണ് അടിയന്തര നടപടി. അതിലേറെ, നിലവിലുള്ള ഷെൽറ്ററുകൾ പലതും വേണ്ടത്ര സുരക്ഷിതവുമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിലും ജോർദാനിലെയും ഇറാഖിലെയും മറ്റ് അമേരിക്കൻ കേന്ദ്രങ്ങളിലും അടുത്തിടെ നടന്ന ഇറാന്റെ മിസൈൽ വർഷം പെന്റഗണിനെ ഞെട്ടിച്ചിട്ടുണ്ട്. ഈ താവളങ്ങളിൽ പലയിടത്തും സൈനികർ നിലവിൽ താമസിക്കുന്നത് താൽക്കാലിക ടെന്റുകളിലും സുരക്ഷ കുറഞ്ഞ കെട്ടിടങ്ങളിലുമാണ്. ഇറാന്റെ അത്യാധുനിക ഡ്രോണുകളെയും ബാലിസ്റ്റിക് മിസൈലുകളെയും പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കോൺക്രീറ്റ് ബങ്കറുകളിലേക്ക് മാറാൻ തീരുമാനിച്ചത്. സൗദിയിലെ താവളത്തിൽ അമേരിക്കയുടെ 4000 കോടി വിലയുള്ള നിരീക്ഷണ വിമാനം തകർന്ന സംഭവവും അമേരിക്കയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.
യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് അവസാനമായി പെന്റഗൺ പുറത്തുവിട്ട കണക്ക്. ഇതിൽ ആറു പേർ ഇറാഖിലെ കെ.സി-135 വിമാനാപകടത്തിലും, ഒരാൾ സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിലെ ആക്രമണത്തിലും, ആറു പേർ മാർച്ച് ഒന്നിന് കുവൈത്തിലെ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. കുവൈത്തിലെ ആക്രമണത്തിൽ അതീവ സുരക്ഷയുള്ള ഓപറേഷൻ സെന്ററിലേക്ക് മിസൈൽ തുളച്ചുകയറിയത് അമേരിക്കയെ ഞെട്ടിച്ചിരുന്നു.
നിലവിൽ പശ്ചിമേഷ്യയിലെ പല താവളങ്ങളിലെയും സുരക്ഷാ സംവിധാനങ്ങൾ അത്ര മികച്ചതല്ലെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡിൽ പ്രവർത്തിച്ച മുൻ കമ്യൂണിക്കേഷൻസ് മേധാവി റിട്ട. കേണൽ ജോ ബുസിനോ പ്രതിരോധ മാധ്യമമായ ‘ടാസ്‌ക് ആൻഡ് പർപസി’നോട് വെളിപ്പെടുത്തിയത്. ഇറാഖ് അധിനിവേശ കാലത്ത് സ്ഥാപിച്ച പഴയ കോൺക്രീറ്റ് മതിലുകളാണ് പലയിടത്തും ഇപ്പോഴുമുള്ളത്. ഇവ ആധുനിക ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് പെന്റഗൺ പുതിയ ബങ്കറുകൾ തേടുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം മേഖലയിലെ 13 പ്രാദേശിക താവളങ്ങളിൽ പലതും നിലവിൽ സൈനികർക്ക് താമസിക്കാൻ പോലും കഴിയാത്ത വിധം തകർന്നിരിക്കുകയാണ്.
2020-ൽ ഇറാഖിലെ അൽ-അസദ് എയർബേസിൽ ഇറാൻ മിസൈലുകൾ പതിച്ചപ്പോൾ നേരിട്ട ദുരന്തം സൈനികർക്ക് ഇന്നും ഭീതിയാണ്. അന്ന് മണൽചാക്കുകൾ കൊണ്ട് നിർമിച്ച താൽക്കാലിക ഷെൽട്ടറുകൾ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളവയായിരുന്നില്ലെന്ന് റിട്ട. ലെഫ്റ്റനന്റ് കേണൽ അലൻ ജോൺസൺ സാക്ഷ്യപ്പെടുത്തുന്നു. ആ ആക്രമണത്തിൽ തലച്ചോറിന് പരിക്കേറ്റ ഡസൻ കണക്കിന് സൈനികരിൽ ഒരാളാണ് അദ്ദേഹം.
നിലവിൽ ഇറാഖിലെ അൽ-അസദ് പോലുള്ള പ്രധാന താവളങ്ങൾ ഇറാഖ് സൈന്യത്തിന് കൈമാറിക്കഴിഞ്ഞു. അതിനാൽ പുതിയ താവളങ്ങളിൽ ലഭ്യമായ ഏറ്റവും മികച്ചതും വേഗത്തിൽ സ്ഥാപിക്കാൻ കഴിയുന്നതുമായ ബങ്കറുകൾ എത്തിക്കുക എന്നതിനാണ് അമേരിക്ക മുൻഗണന നൽകുന്നത്.
യുദ്ധം അവസാനിപ്പിക്കാനായി നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും പശ്ചിമേഷ്യയിൽനിന്ന് പിന്മാറാൻ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ ബങ്കർ കരാറിലൂടെ ലഭിക്കുന്നത്. വരാനിരിക്കുന്ന മാസങ്ങളിൽ ഇറാനുമായുള്ള സംഘർഷം കൂടുതൽ കടുക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സൈനിക കേന്ദ്രങ്ങൾ ബങ്കറുകൾ കൊണ്ട് സംരക്ഷിക്കുന്നത്. കുറഞ്ഞത് 100-ലധികം ബങ്കറുകൾ ആദ്യഘട്ടത്തിൽ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.