കുവൈത്തിൽ ‘മിസൈൽ പതിച്ച്’ യുഎസ് യുദ്ധവിമാനം തകർന്നുവീണു: വാലിന് തീപ്പിടിച്ച് വട്ടം കറങ്ങി താഴേക്ക് പതിച്ച് F-15; ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ
അബൂദബി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ കുവൈത്തിലെ അൽ-ജഹ്റ മേഖലയിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണു. വ്യോമസേനയുടെ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനമാണു തകർന്നത്. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ പതിച്ചതിനെത്തുടർന്നാണ് വിമാനം തകർന്നതെന്നാണു വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇറാൻ വിപ്ലവ ഗാർഡ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സൗഹൃദ വെടിവയ്പ്പിലാണ് വിമാനം തകർന്നതെന്ന വിശദീകരണവും വരുന്നുണ്ട്.
കുവൈത്തിലെ ജനവാസ മേഖലയ്ക്ക് സമീപമുള്ള അൽ-ജഹ്റയിലാണ് വിമാനം നിലംപതിച്ചത്. വിമാനം ആകാശത്ത് വെച്ച് കറങ്ങി താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ഇജക്ട് സീറ്റ് വഴി പുറത്തേക്ക് ചാടുന്നത് കണ്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൈലറ്റിന്റെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.
ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ ഈ തകർച്ചയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന വൻ മിസൈലാക്രമണത്തിന്റെ ഭാഗമായാണ് ഇതെന്നും അവർ അവകാശപ്പെടുന്നു.
ഇറാഖിലെയും കുവൈത്തിലെയും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ‘ഓപറേഷൻ എപിക് ഫ്യൂറി’ ശക്തമാക്കുന്നതിനിടെയാണ് ഈ സംഭവം.
നേരത്തെ ഇറാഖിലെ എർബിൽ എയർബേസിലും ബഹ്റൈനിലെ യുഎസ് നാവിക താവളത്തിലും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണ്’ നേരെയും ഇറാൻ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഐആർജിസി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാൻ നടത്തുന്ന നീക്കങ്ങൾ അമേരിക്കൻ സൈനിക സന്നാഹങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കുവൈത്തിലെ പുതിയ സംഭവം അമേരിക്കയെ കൂടുതൽ പ്രകോപിതരാക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.