ആദ്യ ദിനം 78 കോടി ഡോളർ ചിലവ്; യുദ്ധം അമേരിക്കയെ സാമ്പത്തികമായി തളർത്തുമോ?
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, യുദ്ധത്തിന്റെ ഭീമമായ സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവരുന്നു. ‘ഓപറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ആദ്യ 24 മണിക്കൂറിൽ മാത്രം അമേരിക്ക 779 മില്യൺ ഡോളർ (ഏകദേശം 78 കോടി ഡോളർ) ചിലവിട്ടതായാണ് അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ യുദ്ധചിലവ് പ്രതിദിനം ഒരു ബില്യൺ ഡോളറിലേക്ക് ഉയർന്നേക്കാമെന്നാണ് പെന്റഗണിന്റെ പ്രാഥമിക വിലയിരുത്തൽ.
കുതിച്ചുയരുന്ന സൈനിക ചിലവുകൾ
ആക്രമണം ആരംഭിക്കുന്നതിന് മുൻപ് തന്നെ വിമാനങ്ങളുടെ പുനർവിന്യാസം, നാവിക കപ്പലുകളുടെ ചലനം എന്നിവയ്ക്കായി 630 മില്യൺ ഡോളർ വാഷിങ്ടൺ ചിലവിട്ടിരുന്നു. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെൻട്രൽ കമാൻഡിന് കീഴിൽ വിന്യസിച്ചിരിക്കുന്ന എഫ്-18, എഫ്-16, എഫ്-22, എഫ്-35 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളുടെ പ്രവർത്തനത്തിന് മാത്രം 271.34 മില്യൺ ഡോളറോളം ചിലവ് വരുന്നുണ്ട്.
ഇതിനുപുറമെ, ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങൾ, എംക്യു-9 റീപ്പർ ഡ്രോണുകൾ, ലൂക്കാസ് അറ്റാക്ക് സിസ്റ്റം എന്നിവയുടെ ചെലവുകൾ ഈ തുകയ്ക്ക് പുറമെയാണ്. കടലിലെ ആധിപത്യം നിലനിർത്തുന്നതും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പോലുള്ള വിമാനവാഹിനിക്കപ്പൽ പടയെ ഒരു ദിവസം പ്രവർത്തിപ്പിക്കാൻ മാത്രം 6.5 മില്യൺ ഡോളർ ആവശ്യമാണ്.
യുദ്ധം നീണ്ടുപോകുന്നത് ആഗോള ഊർജ്ജ വിപണിയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ക്രൂഡ് ഓയിൽ വില വർദ്ധിപ്പിക്കാനും അമേരിക്കയിലടക്കം പണപ്പെരുപ്പം ഉയർത്താനും കാരണമാകും. ബ്രൗൺ യൂണിവേഴ്സിറ്റിയുടെ പഠനമനുസരിച്ച്, 2023 ഒക്ടോബറിന് ശേഷം മിഡിൽ ഈസ്റ്റിലെ വിവിധ സൈനിക നടപടികൾക്കായി അമേരിക്ക ഇതിനകം 31.35 ബില്യൺ മുതൽ 33.77 ബില്യൺ ഡോളർ വരെ ചിലവഴിച്ചുകഴിഞ്ഞു.
യുദ്ധം എത്രനാൾ?
ഓപറേഷൻ നാലോ അഞ്ചോ ആഴ്ച നീണ്ടുനിൽക്കുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചത്. എന്നാൽ ആവശ്യമെങ്കിൽ കൂടുതൽ കാലം പോരാടാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് ഇറാഖ് യുദ്ധം പോലെ അനന്തമായി നീളുന്ന ഒന്നാവില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. വരും ആഴ്ചകളിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.