യുദ്ധം 10 ദിവസം നീണ്ടാൽ മിസൈൽ ശേഖരം തീരുമെന്ന് പെന്റഗൺ; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഉദ്യോഗസ്ഥർ
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം 10 ദിവസം കൂടി നീണ്ടുനിന്നാൽ അമേരിക്കയുടെ പക്കലുള്ള മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുമെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകി. ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട സൈനിക നീക്കം നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആയുധ ദൗർലഭ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ആണവ ചർച്ചകളിലെ അതൃപ്തിയെത്തുടർന്ന് സുപ്രീം നേതാവ് ആയത്തുള്ള അലി ഖാംനഇ ഉൾപ്പെടെയുള്ളവരെ പുറത്താക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികാരമായി ഇറാഖ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇസ്രയേൽ, യുക്രെയ്ൻ തുടങ്ങിയ സഖ്യകക്ഷികൾക്ക് വലിയ തോതിൽ ആയുധങ്ങൾ നൽകിയതും കഴിഞ്ഞ വർഷത്തെ പോരാട്ടങ്ങളിൽ 25 ശതമാനത്തോളം ‘താഡ്’ ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ചതും യുഎസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അമേരിക്കയുടെ പക്കൽ ‘അനന്തമായ’ ആയുധശേഖരമുണ്ടെന്നും ‘എന്നേക്കും’ യുദ്ധം ചെയ്യാൻ സാധിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടെങ്കിലും പെന്റഗൺ ഉദ്യോഗസ്ഥർ ഇത് തള്ളിക്കളയുന്നു. ഇറാൻ പ്രതിമാസം 100-ലധികം മിസൈലുകൾ നിർമ്മിക്കുമ്പോൾ, യുഎസിന് പ്രതിമാസം 6 മുതൽ 7 വരെ ഇന്റർസെപ്റ്ററുകൾ മാത്രമേ നിർമിക്കാൻ സാധിക്കുന്നുള്ളൂവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി.
യുദ്ധത്തിന്റെ സാമ്പത്തിക ആഘാതവും കടുപ്പമേറിയതാണ്. ആദ്യ 24 മണിക്കൂറിൽ മാത്രം ഏകദേശം 6,900 കോടി രൂപയാണ് അമേരിക്ക ചെലവഴിച്ചത്. യുദ്ധം അഞ്ച് ആഴ്ചയോളം നീണ്ടുനിന്നാൽ അത് 18.87 ലക്ഷം കോടി രൂപയുടെ ബാധ്യത വരുത്തിവെക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ജെഡിഎഎം കിറ്റുകൾ, എസ്എം-3 മിസൈലുകൾ എന്നിവയുടെ കുറവ് വരുംദിവസങ്ങളിൽ അമേരിക്കയുടെ പ്രതിരോധ നീക്കങ്ങളെ ബാധിച്ചേക്കാം.