ഇറാൻ ആക്രമണം: 100 മണിക്കൂർ കൊണ്ട് അമേരിക്കയ്ക്ക് പൊട്ടിയത് 3,70,00,00,000 ഡോളർ!
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആദ്യ 100 മണിക്കൂറിനുള്ളിൽ അമേരിക്കയ്ക്ക് ഏകദേശം 3.7 ബില്യൺ ഡോളർ ചെലവായതായി റിപ്പോർട്ട്. വാഷിങ്ടൺ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) പുറത്തുവിട്ട പുതിയ ഗവേഷണ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്.
ഗവേഷകരായ മാർക്ക് കാൻഷ്യൻ, ക്രിസ് പാർക്ക് എന്നിവർ നടത്തിയ വിശകലനം അനുസരിച്ച്, സംഘർഷത്തിന്റെ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിദിനം ശരാശരി 891.4 മില്യൺ ഡോളറാണ് വാഷിങ്ടണിന് നഷ്ടമാകുന്നത്. അത്യാധുനിക സ്റ്റെൽത്ത് ബോംബറുകളുടെ വിന്യാസവും വൻതോതിലുള്ള യുദ്ധോപകരണങ്ങളുടെ ഉപയോഗവുമാണ് ചെലവ് കുത്തനെ ഉയരാൻ കാരണമായത്.
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രം 2,000-ത്തിലധികം യുദ്ധോപകരണങ്ങളാണ് യുഎസ് സൈന്യം ഉപയോഗിച്ചത്. ഇവ പുനർനിർമിക്കുന്നതിന് മാത്രം 3.1 ബില്യൺ ഡോളർ വേണ്ടിവരും. നിലവിൽ ചെലവായ 3.7 ബില്യൺ ഡോളറിൽ 3.5 ബില്യൺ ഡോളറും ബജറ്റിൽ മുൻകൂട്ടി വകയിരുത്താത്തവയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായ വെല്ലുവിളികൾ ഉയർത്തിയേക്കാം. ടോമാഹോക്ക്, പാട്രിയറ്റ് മിസൈലുകൾ, താഡ് ഇന്റർസെപ്റ്ററുകൾ എന്നിവയുടെ സ്റ്റോക്ക് പുനഃസ്ഥാപിക്കാൻ പെന്റഗൺ 50 ബില്യൺ ഡോളറിന്റെ അനുബന്ധ ധനസഹായം കോൺഗ്രസിനോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.
അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകൾക്കിടയിലും ഇറാനെതിരായ വ്യോമാക്രമണം വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. കൂടുതൽ ഫൈറ്റർ സ്ക്വാഡ്രണുകളെയും ബോംബറുകളെയും മേഖലയിൽ വിന്യസിക്കാനാണ് നീക്കം.
സാമ്പത്തിക നഷ്ടത്തിനപ്പുറം വലിയ തോതിലുള്ള മാനുഷിക ആഘാതവും സംഘർഷം സൃഷ്ടിക്കുന്നുണ്ട്. ഇറാനിയൻ റെഡ് ക്രസന്റ് നൽകുന്ന വിവരങ്ങൾ പ്രകാരം, കഴിഞ്ഞ ശനിയാഴ്ച മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇറാനിൽ 1,332 പേർ കൊല്ലപ്പെട്ടു. ഇതിൽ 181 കുട്ടികളുണ്ടെന്ന് യുണിസെഫ് സ്ഥിരീകരിച്ചു. ലെബനനിൽ 123 പേരും മരിച്ചു. സംഘർഷത്തിൽ ആറ് യുഎസ് സൈനികർക്കും ഇസ്രയേലിൽ 11 പേർക്കും ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.