വീണ്ടും ഹിരോഷിമയോ? ആണവ പ്രഹരശേഷിയുള്ള ‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് അമേരിക്ക
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ആണവായുധ വാഹക ശേഷിയുള്ള ‘മിനിറ്റ്മാൻ III’ ബാലിസ്റ്റിക് മിസൈൽ അമേരിക്ക വിജയകരമായി പരീക്ഷിച്ചു. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു വിക്ഷേപണം. ഹിരോഷിമയിൽ പതിച്ച ആറ്റംബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ പസഫിക് സമുദ്രത്തിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി യുഎസ് ബഹിരാകാശ സേന അറിയിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷണം എന്നത് ശ്രദ്ധേയമാണ്. എന്നാൽ, ഇത് വർഷങ്ങൾക്കു മുൻപേ നിശ്ചയിച്ച സാധാരണ പരീക്ഷണമാണെന്നും നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നുമാണ് വ്യോമസേനയുടെ വിശദീകരണം. മിസൈൽ സംവിധാനത്തിന്റെ സന്നദ്ധതയും കൃത്യതയും ഉറപ്പുവരുത്താനാണ് ‘ജിടി 254’ എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണം നടത്തിയത്.
മണിക്കൂറിൽ 15,000 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന മിനിറ്റ്മാൻ III മിസൈലുകൾക്ക് 6,000 മൈൽ ദൂരപരിധിയുണ്ട്. കര, കടൽ, വായു എന്നിവിടങ്ങളിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്ന അമേരിക്കയുടെ ‘ന്യൂക്ലിയർ ട്രയാഡ്’ സംവിധാനത്തിന്റെ കരുത്താണ് മിസൈലുകൾ.
അതിനിടെ, ഇസ്രയേലിന് നേരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചു. ഇതോടെ ദശലക്ഷക്കണക്കിന് ആളുകൾ ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇറാനെതിരെ ശക്തമായ സൈനിക നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെടുന്നതോടെ മേഖല അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.