01/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറാൻ എണ്ണപ്പാടങ്ങൾ ഇനി ആക്രമിക്കില്ല; ഇറാൻ ഭരണകൂടം തകരുമെന്ന് ഉറപ്പില്ല, താഴെ‌യിറക്കേണ്ടത് അവിടത്തെ ജനങ്ങൾ’- ബെഞ്ചമിൻ നെതന്യാഹു

 ‘ഇറാൻ എണ്ണപ്പാടങ്ങൾ ഇനി ആക്രമിക്കില്ല; ഇറാൻ ഭരണകൂടം തകരുമെന്ന് ഉറപ്പില്ല, താഴെ‌യിറക്കേണ്ടത് അവിടത്തെ ജനങ്ങൾ’- ബെഞ്ചമിൻ നെതന്യാഹു

തെൽ അവീവ്: ഇറാൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ഇന്ധന പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ പിൻവാറ്റമെന്നും നെതന്യാഹു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മാർച്ച് 18-ന് ഇറാന്റെ വടക്കൻ തീരത്തുള്ള അസലൂയയിലെ ‘സൗത്ത് പാഴ്സ്’ ഗ്യാസ് ഫീൽഡിന് നേരെ ഇസ്രയേൽ നടത്തിയ അതിശക്തമായ ആക്രമണം തനിച്ച് ആസൂത്രണം ചെയ്തതായിരുന്നുവെന്ന് നെതന്യാഹു സമ്മതിച്ചു. ഈ നീക്കത്തിൽ അമേരിക്കയുടെ പങ്കാളിത്തം ഉണ്ടായിരുന്നില്ല. വാതക പ്ലാന്റുകൾക്ക് നേരെയുള്ള ആക്രമണം ആഗോള വിപണിയെ ബാധിക്കുമെന്ന ആശങ്ക ട്രംപ് ഭരണകൂടം പങ്കുവെച്ചു. ഭാവിയിൽ ഇത്തരം ലക്ഷ്യങ്ങൾ ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും ഇസ്രയേൽ അത് അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ഇറാനിലെ നിലവിലെ ഭരണകൂടം തകരാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, സാഹചര്യങ്ങൾ ഇസ്രയേൽ ഒരുക്കി നൽകിയിട്ടുണ്ടെങ്കിലും മാറ്റം കൊണ്ടുവരേണ്ടത് അന്തിമമായി ഇറാൻ ജനതയാണെന്ന് നെതന്യാഹു മറുപടി നൽകി. “ഭരണകൂടം തകരുമെന്ന് യാതൊരു ഉറപ്പുമില്ല. ഞങ്ങൾ അവരെ ദുർബലമാക്കിയിട്ടുണ്ട്, അത് മുതലെടുത്ത് ഭരണമാറ്റം കൊണ്ടുവരേണ്ടത് അവിടുത്തെ ജനങ്ങളാണ്,” അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷിയും മിസൈൽ നിർമ്മാണ ശാലകളും തകർത്തു കഴിഞ്ഞുവെന്നും ഇനി അവർക്ക് തിരിച്ചുവരവ് എളുപ്പമല്ലെന്നും നെതന്യാഹു അവകാശപ്പെട്ടു.

സഖ്യകക്ഷികളുടെ പിന്മാറ്റവും അമേരിക്കയുടെ പുതിയ നിർദ്ദേശങ്ങളും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതി മാറ്റുമോ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഇറാന്റെ പക്കൽ ഇനിയും മിസൈൽ ശേഖരം ഉണ്ടെന്നും എന്നാൽ അത് പ്രയോഗിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നുമാണ് ഇസ്രയേലിന്റെ വാദം.

Also read: