‘1977ൽ തന്നെ ഇസ്ലാമിനെ കണ്ടെത്താനായത് വലിയ അനുഗ്രഹം; നിരന്തര യുദ്ധങ്ങൾ കൊണ്ട് ഇസ്ലാമിന്റെ ആത്മീയസന്ദേശം മറച്ചുപിടിക്കാൻ നീക്കം’; പ്രതികരണവുമായി യൂസുഫ് ഇസ്ലാം
യൂസുഫ് ഇസ്ലാം
ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാനെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ലോകപ്രശസ്ത സംഗീതജ്ഞൻ യൂസുഫ് ഇസ്ലാം (ക്യാറ്റ് സ്റ്റീവൻസ്). യുദ്ധക്കൊതിയന്മാർ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബോംബുകളല്ല, ഭക്ഷണവും കരുണയുമാണ് മനുഷ്യഹൃദയങ്ങൾ കീഴടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ വിപ്ലവത്തിന് മുമ്പ് തന്നെ ഇസ്ലാമിനെ കണ്ടെത്താനായത് അനുഗ്രഹമായി കരുതുന്നുവെന്ന് യുസുഫ് ഇസ്ലാം പറഞ്ഞു. ഇസ്ലാമിന്റെ ആത്മീയ സന്ദേശത്തെ ചിലർ തുടർച്ചയായ യുദ്ധമേഘങ്ങൾ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
”ഇറാൻ വിപ്ലവത്തിന് മുമ്പ്, മുസ്ലിംകൾ അത്ര ദൃശ്യമല്ലാത്ത കാലത്ത്, ഇന്നത്തെ പശ്ചിമേഷ്യയിലെ യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കുമായി അടിത്തറയിടുന്ന ഭീകരമായ പ്രചാരണ യന്ത്രങ്ങൾ പൂർണമായും സജ്ജമാകുന്നതിന് മുമ്പ്, 1977-ൽ ഇസ്ലാമിനെ കണ്ടെത്താൻ കഴിഞ്ഞത് ഒരുപക്ഷേ ഞാൻ സവിശേഷമായി അനുഗ്രഹിക്കപ്പെട്ടതുകൊണ്ടാകാം. എന്നിരുന്നാലും, മനുഷ്യത്വത്തിനായുള്ള ഇസ്ലാമിന്റെ ആത്മീയ സന്ദേശം-സൂര്യനെപ്പോലെ-ഇല്ലാതാകാൻ പോകുന്നില്ല. മറിച്ച് തുടർച്ചയായ യുദ്ധങ്ങളെന്ന വിനാശകരമായ മേഘങ്ങളാൽ അവയെ ബോധപൂർവം മറച്ചുപിടിക്കുകയാണ്.”, യൂസുഫ് ഇസ്ലാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇസ്ലാം യേശുവിനെയും മോശയെയും അബ്രഹാമിനെയും പോലുള്ള മഹാനായ പ്രവാചകന്മാരുടെയും ദൂതന്മാരുടെയും വെളിച്ചം ഉൾക്കൊള്ളുന്നു. അത് ആധുനിക ലോകക്രമക്കേടിലെ പുതിയ കൈസർമാരെയും ഫറവോമാരെയും അസ്വസ്ഥരാക്കിയിരിക്കണം. യുദ്ധക്കൊതിയന്മാർ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബോംബുകളല്ല, ഭക്ഷണവും കരുണയുമാണ് മനുഷ്യഹൃദയങ്ങൾ കീഴടക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ചുകൊണ്ട്, കിഴക്കും പടിഞ്ഞാറും ദൈവത്തിന്റേതാണെന്നും സമാധാനമാണ് ലോകത്തിന് ആവശ്യമെന്നും യൂസുഫ് ഇസ്ലാം കുറിച്ചു.
ചുറ്റിലും ബോംബാക്രമണം നടക്കുന്ന ഒരു ലോകത്തേക്കു തനിക്കൊരു പേരക്കുട്ടി ജനിച്ചുവീണതിലെ ആശങ്കയും കടുത്ത വേദനയും അദ്ദേഹം പങ്കുവച്ചു. ‘നമ്മുടെ ക്രൂരമായ ലോകത്തേക്ക് സ്വാഗതം. രണ്ട് ദിവസം മുമ്പ് എനിക്കൊരു കൊച്ചു പേരക്കുഞ്ഞ് ജനിച്ചു. അതിനു പിന്നാലെ സൈനികർ നമ്മുടെ അയൽപക്കത്ത് ബോംബിട്ടുതുടങ്ങി. ഇതിനെയാണോ നമ്മൾ ക്രൂരമായ ലോകം എന്ന് വിളിക്കേണ്ടത്?’, അദ്ദേഹം ചോദിക്കുന്നു. കുഞ്ഞുങ്ങൾ സമാധാനത്തോടെ വളരേണ്ട ലോകം യുദ്ധക്കളമായി മാറുന്നതിലെ ആശങ്ക യൂസുഫ് ഇസ്ലാം പങ്കുവച്ചു.
1948-ൽ ലണ്ടനിൽ ജനിച്ച സ്റ്റീവൻ ഡിമെട്രെ ജോർജിയു എന്ന ക്യാറ്റ് സ്റ്റീവൻസ്, തന്റെ സംഗീത കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഇസ്ലാം മതം സ്വീകരിക്കുന്നത്. 1976-ൽ കാലിഫോർണിയയിലെ മാലിബു തീരത്ത് നീന്തുന്നതിനിടെ മുങ്ങിമരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.
മരണമുഖത്ത് വെച്ച് അദ്ദേഹം ദൈവത്തോട് പ്രാർത്ഥിക്കുകയും രക്ഷപ്പെട്ടാൽ ദൈവമാർഗത്തിൽ ജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. തുടർന്ന് സഹോദരൻ സമ്മാനിച്ച ഖുർആൻ വായിച്ച അദ്ദേഹം, അതിലെ സന്ദേശങ്ങളിൽ ആകൃഷ്ടനായി 1977 ഡിസംബറിൽ ഔദ്യോഗികമായി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. തുടർന്ന് തന്റെ യൂസഫ് ഇസ്ലാം എന്ന് പേര് മാറ്റുകയും വർഷങ്ങളോളം സംഗീതത്തിൽനിന്ന് വിട്ടുനിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു.