02/04/2026
[fontresizer_tawhidurrahmandear_widget]

റോഡരികിൽ രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ അനങ്ങാതെ ഡെലിവറി ബോയ് ; ‘സോംബി’ മയക്കുമരുന്ന് ഇന്ത്യയിലുമെത്തിയോ? ദൃശ്യങ്ങൾ വൈറൽ

 റോഡരികിൽ രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ അനങ്ങാതെ ഡെലിവറി ബോയ് ; ‘സോംബി’ മയക്കുമരുന്ന് ഇന്ത്യയിലുമെത്തിയോ? ദൃശ്യങ്ങൾ വൈറൽ

ചണ്ഡീഗഡ്: നഗരമധ്യത്തിൽ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് മണിക്കൂറുകളോളം അനങ്ങാതെ നിശ്ചലനായി നിന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകളും ആശങ്കയും ഉയരുന്നു. ചണ്ഡീഗഡ് സെക്ടർ 33 ബിയിലാണ് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടത്. ഏകദേശം രണ്ട് മണിക്കൂറിലധികം സമയം യാതൊരു പ്രഭാവവുമില്ലാതെ, ചുറ്റുമുള്ള ലോകവുമായി പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു യുവാവ് നിന്നിരുന്നത്.

യുഎസിലും മറ്റും പടർന്നുപിടിക്കുന്ന ‘ഫെന്റനൈൽ’ (Fentanyl) എന്ന സോംബി മയക്കുമരുന്ന് ഇന്ത്യയിലുമെത്തിയോ എന്ന ചോദ്യമാണ് നെറ്റിസൺസ് പ്രധാനമായും ഉന്നയിക്കുന്നത്. ഈ മയക്കുമരുന്ന് ഉപയോഗിച്ചാൽ മനുഷ്യർ ബോധമില്ലാതെ മണിക്കൂറുകളോളം ഒരേ നിൽപ്പ് നിൽക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ചണ്ഡീഗഡിലെ യുവാവിന്റെ കണ്ണുകൾ തുറിച്ചു നിൽക്കുന്നതും വായിൽ ബീഡിയുമായി പ്രതികരണമില്ലാതെ നിൽക്കുന്നതും കണ്ടതോടെയാണ് പലരും ഇതിനെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധിപ്പിച്ചത്.

ഒടുവിൽ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. എന്നാൽ യുവാവിന്റെ ഈ അവസ്ഥയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം മയക്കുമരുന്നാണോ അതോ വല്ല ആരോഗ്യപ്രശ്നങ്ങളാണോ എന്ന് അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, മയക്കുമരുന്ന് വ്യാപനത്തിനെതിരെ കടുത്ത ജാഗ്രത വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Also read: