‘ബ്രേക്കപ്പാ’യി; സമ്മാനമായി നൽകിയ ബൈക്ക് തിരികെ നൽകാത്തതിന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് പെൺസുഹൃത്തും സംഘവും
ഇടുക്കി: ചെറുതോണിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പെൺസുഹൃത്തിന്റെ സുഹൃത്തുക്കളായ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അതുകുമാർ (24), മാവേലിക്കര സ്വദേശി വി.ജെ അഭിജിത്ത് (25), തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24), പാലക്കാട് സ്വദേശി സി.എം അനു (22) എന്നിവരെയാണ് ഇടുക്കി പോലീസ് പിടികൂടിയത്.
ഭൂമിയാങ്കുളം സ്വദേശിയായ ജിൻസ് ഷാജിക്ക് (21) നേരെയാണ് ആക്രമണമുണ്ടായത്. ജിൻസും പെൺസുഹൃത്തും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം തകർന്നതാണ് അക്രമത്തിന് പിന്നിലെ കാരണം. മുൻപ് പെൺസുഹൃത്ത് ജിൻസിന് സമ്മാനമായി നൽകിയിരുന്ന ബൈക്ക് തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ ജിൻസ് തയ്യാറായിരുന്നില്ല.
തുടർന്ന് പ്രശ്നം സംസാരിച്ച് പരിഹരിക്കാനെന്ന വ്യാജേന ജിൻസിനെ ചെറുതോണിയിലേക്ക് വിളിച്ചുവരുത്തുകയും പെൺസുഹൃത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു. കുത്തേറ്റ ജിൻസിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.