‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെതിരെ നടൻ ഗോപൻ മാങ്ങാട്ട്
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മാങ്ങാട്ട്. രഞ്ജിത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെയും ജയിൽ വാസത്തെയും മുൻനിർത്തി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. മുൻപ് പലതവണ രഞ്ജിത്തിനെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടും ഭരണപക്ഷത്തോടുള്ള അടുപ്പം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് ഗോപൻ മാങ്ങാട്ട് ആരോപിച്ചു.
ഭരണമാറ്റത്തിന്റെ സൂചനകൾ ലഭിക്കുമ്പോഴാണ് ഇത്തരം കേസുകളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പരോക്ഷമായി സൂചിപ്പിച്ചു. പി.ടി കുഞ്ഞുമുഹമ്മദിന്റെ കേസിലടക്കം കേരളം കണ്ട പോലീസ് നിലപാടുകൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. “പഴുതടച്ച് കുറ്റാരോപിതനെ പോലീസ് പൊക്കിയത് ചാനൽ ഭാഷയിൽ പറഞ്ഞാൽ ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് യോഗത്തിന് പോകും വഴിയാണ്. പൊലീസിന് ഈ ധൈര്യം വരണമെങ്കിൽ നിലവിലെ സംവിധാനം മാറാൻ പോകുകയാണെന്ന് അവർക്ക് ഉറപ്പുകാണും” – അദ്ദേഹം കുറിച്ചു.
2002-ൽ രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി എറണാകുളം സബ് ജയിലിൽ കഴിഞ്ഞ അനുഭവം പങ്കുവെച്ചുകൊണ്ടാണ് രഞ്ജിത്തിന് താരം മുന്നറിയിപ്പ് നൽകുന്നത്. ജയിലിലെ ദുസ്സഹമായ സാഹചര്യങ്ങളും കൊടും കുറ്റവാളികളുടെ സാന്നിധ്യവും അദ്ദേഹം വിവരിക്കുന്നുണ്ട്. പെണ്ണ് കേസിൽ എത്തുന്നവർക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
“76 മുതലുള്ള തന്റെ എസ്എഫ്ഐ പാരമ്പര്യം അവിടെ വിളിച്ചുപറഞ്ഞ് വെറുതെ തല്ലിന്റെ എണ്ണം കൂട്ടേണ്ടതില്ല. രാഷ്ട്രീയ തടവുകാരനായത് കൊണ്ട് ഞങ്ങൾക്ക് ചില ഔദാര്യങ്ങൾ ലഭിച്ചിരുന്നു, എന്നാൽ പീഡനക്കേസിൽ എത്തുന്നവർക്ക് അത് ലഭിക്കുമോ എന്ന് കണ്ടറിയണം. ആകെയുള്ള ആശ്വാസം പഴയ ഗോതമ്പ് ഉണ്ട ഇപ്പോൾ ചപ്പാത്തിയായിട്ടുണ്ട് എന്നത് മാത്രമാണ്.” – ഗോപൻ മാങ്ങാട്ട് പരിഹസിച്ചു.
യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 14 ദിവസത്തേക്കാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നാണ് രഞ്ജിത്തിന്റെ വാദം.