ഇസ്രയേലിൽ വൻ ഭൂചലനം; പരിഭ്രാന്തരായി തെരുവിലിറങ്ങി ജനം
തെൽ അവീവ്: ലബനാൻ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇസ്രയേലും. ഇസ്രയേലിന്റെ വടക്കൻ മേഖലകളിൽ കനത്ത പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച രാത്രിയുണ്ടായത്.
ഹൈഫ, നഹാരിയ, അക്കോ തുടങ്ങിയ നഗരങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തെത്തുടർന്ന് കെട്ടിടങ്ങളിൽനിന്നും ഫ്‌ലാറ്റുകളിൽനിന്നും ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങിയോടി.
അതേസമയം, ഭൂചലനത്തിൽ ഇസ്രയേലിലോ ലബനാനിലോ നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മിസൈൽ ആക്രമണങ്ങളും വ്യോമാക്രമണങ്ങളും പതിവായ യുദ്ധമേഖലയിൽ പെട്ടെന്നുണ്ടായ പ്രകമ്പനം ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തി.
കഴിഞ്ഞ ദിവസം കിര്യത്ത് ഷെമോണയിൽ റോക്കറ്റ് പതിച്ചപ്പോൾ അപായ സൈറണുകൾ മുഴങ്ങാതിരുന്നത് ഇസ്രയേൽ സൈന്യത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇത്തരത്തിൽ പ്രതിരോധ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ, ഭൂചലനത്തെ മിസൈൽ ആക്രമണമാണെന്നു കരുതിയാണ് പലരും ഭയന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.