01/04/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേൽ നഗരങ്ങളിൽ നിലയ്ക്കാതെ ഇറാന്റെ മിസൈൽ വർഷം; ആറുനില കെട്ടിടം തകർന്നു, വ്യാപക നാശനഷ്ടങ്ങൾ

 ഇസ്രയേൽ നഗരങ്ങളിൽ നിലയ്ക്കാതെ ഇറാന്റെ മിസൈൽ വർഷം; ആറുനില കെട്ടിടം തകർന്നു, വ്യാപക നാശനഷ്ടങ്ങൾ

തെൽ അവീവ്: ഇസ്രയേലിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. മധ്യ ഇസ്രയേലിലെ റോഷ് ഹായിൻ, പെറ്റാ തിക്വ എന്നീ നഗരങ്ങളിൽ മിസൈലുകൾ പതിച്ച് ആറുനില കെട്ടിടം ഉൾപ്പെടെയുള്ളവയ്ക്ക് കനത്ത നാശമുണ്ടായി. ഇറാന്റെ ആക്രമണത്തിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ലയും റോക്കറ്റുകൾ തൊടുത്തുവിട്ടതോടെ ദശലക്ഷക്കണക്കിന് ആളുകൾ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടി.

ബുധനാഴ്ച വൈകുന്നേരം മാത്രം ആറ് തവണയാണ് ഇസ്രയേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പത്തിലേറെ ബാലസ്റ്റിക് മിസൈലുകൾ മധ്യ ഇസ്രയേലിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി എത്തിയതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ഒരു മിസൈലിൽ ക്ലസ്റ്റർ ബോംബുകൾ അടങ്ങിയിരുന്നതായും ഇവ പെറ്റാ തിക്വയിലെയും റോഷ് ഹാെയിനിലെയും വീടുകൾക്കും വാഹനങ്ങൾക്കും മേൽ ചിതറിവീണതായും ഐഡിഎഫ് ആരോപിച്ചു. പെറ്റാ തിക്വയിലെ ഒരു കളിക്കളത്തിൽ ബോംബ് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മിസൈൽ ആക്രമണത്തിനിടെ റാമത്ത് ഗാനിൽ 25 വയസ്സുകാരൻ ബോധരഹിതനായി മരിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പേരെ പരിക്കുകളോടെയും മാനസികാഘാതത്തോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തിടെ പ്രതിദിനം 10 മുതൽ 15 വരെ മിസൈലുകൾ മാത്രം അയച്ചിരുന്ന ഇറാൻ, പെസഹാ വിരുന്നിന്റെ ദിവസം തന്നെ വലിയ തോതിലുള്ള ആക്രമണം നടത്തിയത് ബോധപൂർവമാണെന്ന് ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു. ജനങ്ങളെ ഭീതിയിലാഴ്ത്താനും ആഘോഷങ്ങൾ തടസ്സപ്പെടുത്താനുമാണ് ഇറാൻ ശ്രമിക്കുന്നത്. ‘ഓപറേഷൻ റോറിങ് ലയൺ’ ആരംഭിച്ചതിന് ശേഷം ഇതുവരെ മിസൈൽ ആക്രമണങ്ങളിൽ മാത്രം 19 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.

ഇറാന്റെ പുതിയ ആക്രമണത്തിന് അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. നിലവിൽ അതീവ ജാഗ്രതയിലാണ് ഇസ്രയേൽ നഗരങ്ങൾ.

Also read: